താരങ്ങളുടെ പരിക്ക് തലവേദനയായി ലണ്ടന്‍ ടീം

ലണ്ടന്‍: ലോകകപ്പ് മത്സരത്തില്‍ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയുണ്ടാവാന്‍ സാധ്യത. സ്റ്റാര്‍ ഓപ്പണര്‍ ജാസന്‍ റോയ്ക്കും ജോ ഡെന്‍ലിക്കുമേറ്റ പരിക്ക് ടീമിന് പുതിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ലോകകപ്പ് ഫേവറേറ്റുകളായ ഇംഗ്ലണ്ടിന്റെ മികച്ച ഓപ്പണര്‍മാരില്‍ ഒരാളാണ് റോയ്.

ഓവലില്‍ റോയല്‍ ലണ്ടന്‍ ഏകദിന ടൂര്‍ണമെന്റില്‍ വച്ചാണ് റോയ്ക്ക് പരിക്കേറ്റത്. പീറ്റര്‍ സിഡിലിന്റെ പന്തില്‍ തുടക്ക് കാര്യമായ പ്രശ്‌നം സംഭവിച്ച താരം മൈതാനം വിടുകയായിരുന്നു. 16 റണ്‍സാണ് റോയ്ക്ക് മത്സരത്തില്‍ എടുക്കാനായത്. ലോകകപ്പ് മുന്നില്‍ കണ്ട് ഐപിഎല്‍ താരലേലത്തില്‍ നിന്ന് നേരത്തെ പിന്‍മാറിയ താരമാണ് ജാസന്‍ റോയ്.

ഇംഗ്ലണ്ടിന്റെ മറ്റൊരു ലോകകപ്പ് താരമായ ജോ ഡെന്‍ലിയും പരുക്കിന്റെ പിടിയിലാണ് എന്നാണ് റിപ്പോര്‍ട്ട്. ലണ്ടന്‍ ഏകദിന ടൂര്‍ണമെന്റിനിടെ തന്നെയാണ് താരത്തിനും പരുക്കേറ്റത്. കെന്റ് താരമായ ഡെന്‍ലി പുറംവേദന മൂലം ഗ്ലോസ്റ്റെഷെയറിനെതിരായ മത്സരത്തില്‍ രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങിയില്ല. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായ ഡെന്‍ലി ലോകകപ്പ് തയ്യാറെടുപ്പുകള്‍ക്കായി നേരത്തെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

Top