ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാര ചടങ്ങ് ഇന്ന്; സ്വയം രൂപകൽപ്പന ചെയ്ത വാഹനത്തിൽ അന്ത്യയാത്ര

ലണ്ടൻ: ഡ്യൂക് ഓഫ് എഡിൻബറോയായിരുന്ന ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാരം ഇന്ന് ലണ്ടനിൽ നടക്കും. നിലവിലെ രാജ്ഞി എലിസബത്തിന്റെ ഭർത്താവാണ് ഫിലിപ്പ്. രാജ്യത്തിനായി ഫിലിപ്പ് രാജകുമാരൻ നൽകിയ സേവനത്തെ ബ്രിട്ടീഷ് പാർലമെന്റ് അനുസ്മരിച്ചു. ബ്രിട്ടന്റെ നാവികസേനയുടെ ഭാഗമായി പ്രവർത്തിച്ച സൈനിക ഉദ്യോഗസ്ഥനായിരുന്നു ഫിലിപ്പ്. ഈ മാസം 9-ാം തീയതിയാണ് 99-ാം വയസ്സിൽ ഫിലിപ്പ് അന്തരിച്ചത്. വിൻഡ്‌സർ കാസിലിലെ രാജകുടുംബങ്ങളുടെ പ്രത്യേക പള്ളിയിലാണ് സംസ്‌കാര ചടങ്ങ് നടക്കുന്നത്.

ഇന്ന് നടക്കുന്ന സംസ്‌കാര ചടങ്ങുകൾ കൊറോണ കാരണം പരിമിതപ്പെടുത്തിയതായി രാജകുടുംബം അറിയിച്ചു. ആകെ 730 സൈനിക ഉദ്യോഗസ്ഥർ മാത്രമാണ് സംസ്‌കാര ചടങ്ങിൽ അകമ്പടി സേവിക്കുന്നത്.. കൂടാതെ 30 പേർക്കാണ് ചടങ്ങിൽ ക്ഷണമുള്ളത്.  സൈനിക വേഷത്തിൽ പങ്കെടുക്കാറുള്ള രാജകുടുംബാംഗങ്ങൾ ഇത്തവണ സാധാരണ വേഷത്തിലായിരിക്കുമെന്ന് നിശ്ചയിച്ചിട്ടുണ്ട്.

മൃതദേഹം വഹിച്ചുകൊണ്ടുള്ള യാത്രയിൽ ആദ്യം രാജകുടുംബത്തിന്റെ ഔദ്യോഗിക സൈനിക ബാന്റ് സംഘമാണുണ്ടാവുക. തൊട്ടുപുറകിലായി മേജർ ജനറൽമാരും മറ്റ് സൈനിക മേധാവികളും അണിനിരക്കും. ശവമഞ്ചത്തിന് പുറകിലായി രാജകുടുംബത്തിലെ ഒൻപത് പേർ അണിനിരക്കും. ചാൾസ് രാജകുമാരനും ആൻ രാജകുമാരിയും ആദ്യനിരയി ലുണ്ടാകും. ഇവർക്ക് പിന്നിലായി രാജകുമാരന്മാരായ എഡ്വേർഡും ആൻഡ്രൂവും അനുഗമിക്കും. ശവമഞ്ചത്തിന്റെ ഇരുവശങ്ങളിലുമായി ചാൾസ്-ഡയാനാ ദമ്പതികളുടെ മക്കളായ വില്യമും ഹാരിയും അനുഗമിക്കും.

 

Top