സീമെന്‍ വിസയില്‍ യുകെയില്‍ എത്തിയ മലയാളിക്ക് ക്രൂര മര്‍ദനം

ലണ്ടന്‍: സീമെന്‍ വിസയില്‍ യുകെയില്‍ എത്തിയ മലയാളിക്ക് ക്രൂര മര്‍ദനം. 26 കാരനായ  വിഴിഞ്ഞം സ്വദേശി  ജോഷി ജോണിനാണ് മര്‍ദനമേറ്റത്. നിലവില്‍ ലണ്ടനിലെ ആശുപത്രിയില്‍ ചികിത്സയിലാണ് യുവാവ്. ഇന്ത്യന്‍ ഹൈക്കമ്മിഷന്റെയും യുകെയിലെ മലയാളി അസോസിയേഷന്റെയും സഹായത്തോടെ നാട്ടില്‍ തിരിച്ചെത്താനുള്ള ശ്രമത്തിലാണ്.

ഏജന്റിന്റെ വിസ തട്ടിപ്പിലും മനുഷ്യക്കടത്തിലും ഇരയായ സമയത്താണ് ആക്രമണം ഉണ്ടായത്. യുവാവിന്റെ തലക്കേറ്റ അടി കാരണം രക്തം കട്ട പിടിക്കുന്ന അവസ്ഥയും ഓര്‍മക്കുറവും ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. യുവാവിന് നേരെ വംശീയ ആക്രമണമാണ് ഉണ്ടായതെന്നും അധികൃതര്‍ ഇതേപ്പറ്റി അന്വേഷിക്കുന്നുണ്ടെന്നും ബ്രിട്ടിഷ് കേരളൈറ്റ്‌സ് അസോസിയേഷന്‍ ആന്റ് യൂണിയന്‍ ഓഫ് യുകെ മലയാളി അസോസിയേഷന്‍ (യുയുകെഎംഎ) പറഞ്ഞു.

അബോധാവസ്ഥയില്‍ തെരുവില്‍ കണ്ടെത്തിയ യുവാവിനെ ചില വഴിയാത്രക്കാരാണ് ഈലിങ് ആശുപത്രിയില്‍ എത്തിച്ചത്. ബസില്‍ യാത്ര ചെയ്യുമ്പോള്‍ സഹയാത്രക്കാരില്‍ ചിലര്‍ യുവാവിനോട് പണം ചോദിച്ചെങ്കിലും കൊടുത്തില്ല. ബസിറങ്ങിയതിന് ശേഷം തെരുവിലൂടെ നടക്കുമ്പോള്‍ പിന്തുടര്‍ന്ന സംഘം പിന്നിലൂടെ ആക്രമിക്കുകയായിരുന്നെന്ന് വിഷയവുമായി അടുപ്പമുള്ളവര്‍ പറയുന്നു.

മുമ്പ് ക്രൂസ് കപ്പലുകളില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ തിരുവനന്തപുരത്തെ ഏജന്‍സി വഴി മാര്‍ച്ച് 23 നാണ് ലണ്ടനിലെത്തിയത്. യുവാവിന്റെ വിസ അസാധുവാണെന്ന് വിമാനത്താവളത്തില്‍ അധികൃതര്‍ കണ്ടെത്തി. യുകെയില്‍ താമസിക്കണമെങ്കില്‍ ചില രേഖകളില്‍ ഒപ്പിടണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ഏജന്റുമായി ബന്ധപ്പെടാന്‍ സാധിക്കാതിരുന്ന യുവാവ് ലണ്ടനിലെ ഇന്ത്യന്‍ കുടുംബങ്ങളുടെ സഹായത്തിലാണ് കഴിഞ്ഞത്.

 

 

Top