അഗ്‌നിബാധയ്ക്ക് സാധ്യത: ലണ്ടനില്‍ അഞ്ച് ബഹുനില കെട്ടിടങ്ങള്‍ പൂര്‍ണമായും ഒഴിപ്പിച്ചു

ലണ്ടന്‍: ലണ്ടനില്‍ അഗ്‌നിബാധയ്ക്ക് സാധ്യതയുള്ള അഞ്ച് കെട്ടിടങ്ങള്‍ പൂര്‍ണമായും അഗ്‌നിശമന സേനാ വിഭാഗം ഒഴിപ്പിച്ചു.

ഗ്രെന്‍ഫെല്‍ ടവര്‍ അഗ്‌നി വിഴുങ്ങിയതിനു പിന്നാലെയാണ് സമാനമായ രീതിയില്‍ നിര്‍മ്മിച്ചിട്ടുള്ള കെട്ടിടങ്ങള്‍ ഒഴിപ്പിച്ചത്. ഈ കെട്ടിടങ്ങളിലെ അഗ്‌നിസുരക്ഷാ സംവിധാനങ്ങള്‍ പര്യാപ്തമല്ലെന്ന് കണ്ടെത്തിയതിനേത്തുടര്‍ന്നാണ് നടപടി.

അഞ്ച് കെട്ടിടങ്ങളിലായി 800 ലേറെ കുടുംബങ്ങളാണ് താമസിച്ചിരുന്നത്. അഗ്‌നിശമനസേനാ വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഈ കെട്ടിടങ്ങളിലെ അഗ്‌നി സുരക്ഷാ സംവിധാനങ്ങളില്‍ പോരായ്മകളുണ്ടെന്ന് കണ്ടെത്തിയെന്നും അതിനാലാണ് നടപടിയെന്നും കാംഡെന്‍ കൗണ്‍സില്‍ ലീഡര്‍ ജോര്‍ജിയ ഗൗള്‍ഡ് വ്യക്തമാക്കി.

ജനങ്ങളുടെ സുരക്ഷയാണ് തങ്ങള്‍ക്ക് പ്രധാനം. അതിനാലാണ് അടിയന്തരമായി ഇത്രയേറെ ആളുകളെ ഒഴിപ്പിച്ചത്. അഗ്‌നിശമനസേനാ വിഭാഗം എത്രയും വേഗത്തില്‍ സുരക്ഷാ സംബന്ധമായ ജോലികള്‍ പൂര്‍ത്തീകരിക്കും ഇതിന് പിന്നാലെ ജനങ്ങള്‍ക്ക് കെട്ടിടങ്ങളിലേക്ക് മടങ്ങിയെത്താം- ജോര്‍ജിയ ഗൗള്‍ഡ് പറഞ്ഞു.

ജൂണ്‍ 14ന് പുലര്‍ച്ചെ ഉണ്ടായ ഗ്രെന്‍ഫെല്‍ അഗ്‌നിബാധയില്‍ 79 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തീപിടിത്തത്തില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നു.

Top