നര്‍ത്തകിയുടെ ജീവിതത്തിലെ ലോക്ക്ഡൗണ്‍ കാലം; ചിത്രം ‘ലോല’യുടെ പോസ്റ്റര്‍ പുറത്ത്‌

ര്‍ത്തകിയുടെ ജീവിതത്തില്‍ ലോക്ഡൗണ്‍ കാലത്തു നടക്കുന്ന ചില സംഭവങ്ങളുടെ കഥ പറയുന്ന ‘ലോല’ എന്ന ചിത്രവുമായി എത്തുകയാണ്‌ മാധ്യമപ്രവര്‍ത്തകനും കവിയും എഴുത്തുകാരനുമായ രമേശ് എസ് മകയിരം.

ഇപ്പോഴിതാ രമേശ് തന്നെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. സംവിധായകരായ കെ.മധു, ബ്ലെസി, ലാല് ജോസ്, ഡോ. ബിജു, ജി. മാര്‍ത്താണ്ഡന്‍, മധുപാല്‍, പ്രദീപ് നായര്‍, ഗിന്നസ് പക്രു, ഷിബു ഗംഗാധരന്‍, സലിം കുമാര്‍, സജിത് ജഗത്‌നന്ദന്‍, കെ. ആര്‍. പ്രവീണ്‍ എന്നിവരായിരുന്നു ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല് മീഡിയയില്‍ റിലീസ് ചെയ്തത്.

അതേസമയം, ചിത്രത്തിലെ നായികയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും മറ്റു നടീനടന്മാരെയും ഓഡീഷന്‍ വഴി തിരഞ്ഞെടുക്കുമെന്നും നിര്‍മ്മാതാക്കളായ പുതുപുരക്കല്‍ ഫിലിംസും സംവിധായകനും പറഞ്ഞു. ജൂണ്‍ ജൂലൈ മാസങ്ങളില്‍ ചിത്രീകരണം ആരംഭിക്കുന്ന ലോലയുടെ പ്രധാന ലൊക്കേഷന്‍ തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളിലാണ്. മൂന്ന് ഗാനങ്ങളാണ് ചിത്രത്തിന് ഒരുക്കിയിരിക്കുന്നത്. രാജന്‍ കൈലാസ് എഴുതുന്ന വരികള്‍ക്ക് ഗിരീഷ് നാരായണാണ് സംഗീതം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിലേക്കായി പുതിയ ഗായകരയെയും അണിയറ പ്രവര്‍ത്തകര്‍ തേടുന്നുണ്ട്.

നിര്‍മ്മാണം എസ്.ശശിധരന്‍ പിള്ളയും ഛായഗ്രഹണം നിര്‍വ്വഹിക്കുന്നത് സിനോജ് പി അയ്യപ്പനുമാണ്. അതേസമയം, ലോക്ഡൗണ്‍ ഇളവുകളില്‍ നിന്നുകൊണ്ട് എല്ലാ സുരക്ഷാ മുന്‍കരുതലുകളും, ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങളും പൂര്‍ണമായി അനുസരിച്ച് കൊണ്ടായിരിക്കും ചിത്രീകരിക്കുകയെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

Top