ലോക്‌സഭ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ സാധിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

election

ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തോടെ ലോക്‌സഭ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ സാധിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഒ.പി റാവത്ത്.

പുതിയ വോട്ടിങ് യന്ത്രങ്ങള്‍ വാങ്ങിയശേഷം ഒരുമിച്ചുള്ള തിരഞ്ഞെടുപ്പ് നടത്താന്‍ സജ്ജമാണെന്നും റാവത്ത് അറിയിച്ചു. ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത സെപ്തംബര്‍ മാസത്തോടെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതിന് പൂര്‍ണമായും സജ്ജമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പുകള്‍ എല്ലാം ഒന്നിച്ച് നടത്തുക എന്ന ആശയം പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു ആദ്യം മുന്നോട്ട് വെച്ചിരുന്നത്. കൂടാതെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി ഇക്കാര്യം വെറും രാഷ്ട്രീയം എന്നതിനപ്പുറം ചര്‍ച്ച ചെയ്യാനും ആവശ്യപ്പെട്ടിരുന്നു.

പക്ഷെ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളാണ്. ഇതിനായി സമവായം ഉണ്ടാവുകയാണ് വേണ്ടതെന്നാണും റാവത്ത് പറഞ്ഞു.

തിരഞ്ഞെടുപ്പുകള്‍ സമയബന്ധിതമായി നടത്താനും സാമ്പത്തിക പാഴ് ചെലവുകള്‍ കുറയ്ക്കുന്നതിനു വേണ്ടിയാണ് ഇത്തരമൊരു നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്നത്.

സംയുക്തമായി തിരഞ്ഞെടുപ്പ് നടത്തുമ്പോള്‍ കൂടുതല്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും, വിവിപാറ്റ് മെഷീനുകളും ആവശ്യമായി വരും. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പണം ലഭിച്ചതിന് ശേഷം കൂടുതല്‍ മെഷീനുകള്‍ക്ക് ഓര്‍ഡര്‍ നല്കും. അടുത്ത വര്‍ഷം സെപ്റ്റംബറോടുകൂടി തെരഞ്ഞെടുപ്പ് കമ്മിഷന് 40 ലക്ഷം വിവിപാറ്റ് മെഷീന്‍ ഉണ്ടാവുമെന്നും ഒ.പി റാവത്ത് അറിയിച്ചു.

2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനായി രാജ്യം ചിലവഴിച്ചത് 1100 കോടി രൂപയാണ്, അത് 2014 ആയപ്പോഴേക്കും 4000 കോടിയായി വര്‍ധിച്ചു. ഇത് വരും വര്‍ഷങ്ങളില്‍ ഒരു പക്ഷെ ഇരട്ടിയാകും. തിരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തുകയാണെങ്കില്‍ ഇങ്ങനെയുള്ള അനാവശ്യ ചെലവ് ഒഴിവാക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.

തിരഞ്ഞെടുപ്പ് ഒരുമിച്ച് നടത്താന്‍ നീതി ആയോഗും അനുകൂലമായ അഭിപ്രായം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കിക്കൊണ്ട് തിരഞ്ഞെടുപ്പ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

Top