ലോക്സഭാ തിരഞ്ഞെടുപ്പിലും യു.ഡി.എഫ് പ്രചരണം ഉമ്മന്‍ചാണ്ടി തന്നെ നയിക്കും

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ പരാജയവും ശബരിമല വിവാദവും മുന്‍നിര്‍ത്തി കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.ഡി.എഫിനെ നയിക്കാന്‍ ഹൈക്കമാന്റ് ഉമ്മന്‍ചാണ്ടിയെ നിയോഗിക്കും. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ പ്രക്ഷോഭത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് ആശങ്കയിലാണ്. കോണ്‍ഗ്രസിന് ത്രിപുരയില്‍ സംഭവിച്ചതുപോലുള്ള ദുരന്തം കേരളത്തില്‍ ആവര്‍ത്തിക്കരുതെന്ന മുന്‍കരുതല്‍ ഹൈക്കമാന്റ് സ്വീകരിക്കുന്നുണ്ട്.

യു.ഡി.എഫിലെ രണ്ടാം കക്ഷിയായ മുസ്ലിം ലീഗും മൂന്നാം കക്ഷിയായ കേരള കോണ്‍ഗ്രസും ഉമ്മന്‍ചാണ്ടിയില്ലാതെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാകില്ലെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ അറിയിച്ചിട്ടുണ്ട്. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാനും പ്രചരണ വിഭാഗം തലവന്‍ കെ. മുരളീധരനും ഇതേ നിലപാടാണ് അവതരിപ്പിച്ചിട്ടുള്ളത്.

ഉമ്മന്‍ചാണ്ടിയുടെ പിന്തുണയില്ലാത്തതിനാലാണ് വി.എം സുധീരന് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് ശോഭിക്കാനാവാത്തത്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനവും പരിതാപകരമാണ്. ഉമ്മന്‍ചാണ്ടിയുടെ മധ്യസ്ഥതയും ഇടപെടലുമാണ് യു.ഡി.എഫ് വിട്ട കേരള കോണ്‍ഗ്രസിനെ തിരികെയെത്തിച്ചത്. എല്‍.ഡി.എഫില്‍ നിന്നും എത്തിയ ആര്‍.എസ്.പിയും ഉമ്മന്‍ചാണ്ടിയില്ലെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേട്ടം കൊയ്യുമെന്ന നിലപാടാണ് പങ്കുവെച്ചത്.

kmm
കേവലം നാലംഗങ്ങളുടെ ഭൂരിപക്ഷമുള്ള സര്‍ക്കാരിനെ നയിച്ച് കാലാവധി പൂര്‍ത്തിയാക്കിയ ഉമ്മന്‍ചാണ്ടി കേരളത്തിന് വികസനകുതിപ്പു സമ്മാനിച്ച മുഖ്യമന്ത്രിയായാണ് അറിയപ്പെടുന്നത്. കൊച്ചി മെട്രോയും കണ്ണൂര്‍ വിമാനത്താവളവും അടക്കം വികസന നേട്ടങ്ങള്‍ക്ക് പിന്നില്‍ അതിവേഗം ബഹുദൂരമെന്ന ഉമ്മന്‍ചാണ്ടിയുടെ നയനിലപാടുകളായിരുന്നു. ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന ജനസമ്പര്‍ക്ക പരിപാടി. പാവങ്ങളുടെ ചികിത്സാ ചെലവ് വഹിക്കുന്ന കാരുണ്യ പദ്ധതി അടക്കം ഒട്ടേറെ ക്ഷേമ പദ്ധതികളാണ് ഉമ്മന്‍ചാണ്ടി നടപ്പാക്കിയത്. ആര്‍ക്കും എപ്പോഴും സമീപിക്കാവുന്ന ജനകീയ മുഖ്യമന്ത്രി എന്ന പ്രതിഛായയാണ് ഉമ്മന്‍ചാണ്ടിയുടെ കരുത്ത്.

കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ എ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പിന്റെ കമാന്‍ഡറായിരുന്ന ഉമ്മന്‍ചാണ്ടി ആന്റണി ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയതോടെ ഗ്രൂപ്പിന്റെയും കോണ്‍ഗ്രസിന്റെയും അമരത്തെത്തുകയായിരുന്നു. കെ.കരുണാകരന്റെ വിയോഗത്തോടെ ഐ ഗ്രൂപ്പ് അസ്തമിക്കുകയും വിശാല ഐ ഗ്രൂപ്പ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാവുകയും ചെയ്തതോടെ കരുണാകര പുത്രന്‍ കെ. മുരളീധരനെ ഒപ്പം നിര്‍ത്താനുള്ള രാഷ്ട്രീയ തന്ത്രജ്ഞതയും ഉമ്മന്‍ചാണ്ടിക്കുണ്ടായി.

എത്തുന്നിടത്തെല്ലാം ജനങ്ങളെ ഇളക്കിമറിക്കുന്ന പിന്തുണയാണ് ഉമ്മന്‍ചാണ്ടിയുടെ കരുത്ത്. കേരളത്തില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ ക്രൗഡ് പുള്ളറും ഉമ്മന്‍ചാണ്ടി തന്നെ. ഭരണത്തിലിരിക്കുമ്പോള്‍ ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയെന്ന പേരുദോഷം മാറ്റി മുഖ്യമന്ത്രിയായിരിക്കെ കോണ്‍ഗ്രസിനെ എല്ലാ ഉപതെരഞ്ഞെടുപ്പിലും വിജയിപ്പിച്ചെന്ന നേട്ടവും ഉമ്മന്‍ചാണ്ടിക്കു സ്വന്തമാണ്.

Screen Shot 2018-11-11 at 10.24.40 AM

സി.പി.എം എം.എല്‍.എയായിരുന്ന സെല്‍വരാജിനെ രാജിവെപ്പിച്ച് നെയ്യാറ്റിന്‍കരയില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിപ്പിച്ചതിനു പിന്നില്‍ ഉമ്മന്‍ചാണ്ടിയുടെ തന്ത്രങ്ങളായിരുന്നു. പിറവത്തും അരുവിക്കരയിലും കോണ്‍ഗ്രസിനെ വിജയിപ്പിച്ചു. ഇടതുപക്ഷത്തുണ്ടായിരുന്ന ആര്‍.എസ്.പിയെയും വിരേന്ദ്രകുമാറിന്റെ ജനതാദളിനെയും അടര്‍ത്തിമാറ്റി യു.ഡി.എഫിനൊപ്പം കൂട്ടി എല്‍.ഡി.എഫ് എം.പിയായിരുന്ന പ്രേമചന്ദ്രനെ യു.ഡി.എഫ് പാനലില്‍ വിജയിപ്പിച്ചു. സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബിയെ പരാജയപ്പെടുത്തി സി.പി.എമ്മിന് കനത്ത തിരിച്ചടി നല്‍കി. സോളാര്‍ വിവാദത്തില്‍ മാത്രമാണ് ഉമ്മന്‍ചാണ്ടിക്ക് അടിപതറിയത്. ഭരണതുടര്‍ച്ചയുടെ വക്കില്‍ നിന്നാണ് കഴിഞ്ഞ തവണ ഭരണം കൈവിട്ടുപോയത്. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാതെ മാറി നിന്ന ഉമ്മന്‍ചാണ്ടിയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും പ്രവര്‍ത്തകസമിതി അംഗവുമാക്കിയാണ് ഹൈക്കമാന്റ് പാര്‍ട്ടിയില്‍ ശക്തനാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കൂടുതല്‍ സീറ്റു പ്രതീക്ഷിക്കുന്ന ഹൈക്കമാന്റിനു മുന്നില്‍ തെരഞ്ഞെടുപ്പ് നയിക്കാന്‍ ഉമ്മന്‍ചാണ്ടിയല്ലാതെ മറ്റൊരു പേരില്ല.

റിപ്പോര്‍ട്ട്: സുനില്‍ നാരായണന്‍

Top