കേരളത്തിൽ നിന്നുള്ള 20 സീറ്റുകളിൽ 19ഉം തൂത്ത് വാരുമെന്ന് കോൺഗ്രസ്സ്. . .

ലോകസഭ തിരഞ്ഞെടുപ്പില്‍ പ്രധാനമായും രണ്ടേ രണ്ടു കാര്യങ്ങളില്‍ ഊന്നിയുള്ള പ്രചരണത്തിനാണ് കേരളത്തില്‍ യു.ഡി.എഫ് നേതൃത്വം തന്ത്രങ്ങള്‍ ഒരുക്കുന്നത്. ശബരിമല വിഷയവും കാസര്‍ഗോട്ടെ ഇരട്ട കൊലപാതകവുമാണത്. സീറ്റ് വിഭജന കാര്യത്തില്‍ മുന്‍ തിരഞ്ഞെടുപ്പില്‍ സ്വീകരിച്ച നിലപാടുകളേ സാധ്യമാകൂ എന്നാണ് കെ.പി.സി.സി നേതൃത്വം മുസ്ലീം ലീഗിനെയും കേരള കോണ്‍ഗ്രസ്സിനെയും അറിയിച്ചിരിക്കുന്നത്. സീറ്റ് വിലപേശല്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റായി കെട്ടടങ്ങും.

20 ല്‍ 19 സീറ്റും കേരളത്തില്‍ നിന്നും നേടാന്‍ പറ്റുമെന്ന റിപ്പോര്‍ട്ടാണ് ഹൈക്കമാന്റിന് കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കിയിരിക്കുന്നത്. ആലത്തൂരിന്റെ കാര്യത്തില്‍ മാത്രമാണ് അതിര് കടന്ന അവകാശവാദത്തിന് കോണ്‍ഗ്രസ്സ് മുതിരാത്തത്.ഇരട്ട കൊലപാതകവും ശബരിമല വിഷയവും സ്ത്രീ വോട്ടര്‍മാരെ ഏറെ സ്വാധീനിച്ച ഘടകമായി കോണ്‍ഗ്രസ്സ് ആഭ്യന്തര സര്‍വേയിലും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന നേതൃത്വം ഉറപ്പിക്കുന്ന 19 സീറ്റില്‍ തിരുവനന്തപുരത്ത് മുന്‍തൂക്കമുണ്ടെങ്കിലും ഇവിടെ ബി.ജെ.പിയെ ഗൗരവമായി കാണണമെന്നാണ് വിലയിരുത്തല്‍.

മികച്ച സ്ഥാനാര്‍ത്ഥിയെ ബി.ജെ.പി രംഗത്തിറക്കിയാല്‍ ശശി തരൂരിന്റെ നില പരുങ്ങലിലാവുമെന്നാണ് റിപ്പോര്‍ട്ട്. സിറ്റിംഗ് എം.പിമാര്‍ ഏറെക്കുറേ മത്സര രംഗത്ത് ഉണ്ടാകുമെന്ന് ഉറപ്പായതോടെ ഇതിനകം തന്നെ അവര്‍ മണ്ഡലങ്ങളില്‍ സജീവമായിട്ടുണ്ട്. പത്തനംതിട്ടയില്‍ സിറ്റിംഗ് എം.പി ആന്റോ ആന്റണിക്കെതിരെ മാത്രമാണ് ശക്തമായ പ്രതിഷേധം പാര്‍ട്ടിക്കകത്ത് ഉയര്‍ന്നിരിക്കുന്നത്. ശബരിമല ഉള്‍പ്പെടുന്ന മണ്ഡലമായതിനാല്‍ ആന്റോക്കെതിരായ ഭിന്നത വോട്ടിങ്ങില്‍ പ്രതിഫലിച്ചാല്‍ തിരിച്ചടിയാകുമെന്ന ഭയം നേതൃത്വത്തിനുണ്ട്.

തിരുവനന്തപുരത്തിനു പുറമെ പത്തനംതിട്ടയും വിജയ സാധ്യതയുള്ള മണ്ഡലമായി കാണുന്ന ബി.ജെ.പിയാണ് ആന്റോ ആന്റണിയുടെ സ്ഥാനാര്‍ത്ഥിത്വം ഇവിടെ ഏറെ ആഗ്രഹിക്കുന്നത്. ആന്റോ വീണ്ടും മത്സരിച്ചാല്‍ കോണ്‍ഗ്രസ്സ് വോട്ടുകള്‍ ചിതറുമെന്നാണ് അവരുടെ കണക്ക് കൂട്ടല്‍. ശക്തനായ സ്ഥാനാര്‍ത്ഥി തന്നെ ഇവിടെ ഉണ്ടാകുമെന്നാണ് ബി.ജെ.പി നേതൃത്വം പറയുന്നത്.

മാവേലിക്കരയില്‍ വീണ്ടും കൊടിക്കുന്നില്‍ സുരേഷ് മത്സരിക്കുന്നതിനോടും കോണ്‍ഗ്രസ്സില്‍ ഭിന്നത രൂപപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് പരിഹരിക്കാന്‍ പറ്റുമെന്ന പ്രതീക്ഷ നേതൃത്വത്തിനുണ്ട്. ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ്സ് (ബി)ക്ക് സ്വാധീനമുള്ള പ്രദേശങ്ങള്‍ മാവേലിക്കരയിലുണ്ട്. ഇത്തവണ കേരള കോണ്‍ഗ്(ബി) വോട്ടുകള്‍ ഇടതുപക്ഷത്തിനാണ് ലഭിക്കുക.

വടകരയില്‍ സിറ്റിംഗ് എം.പി മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കില്ലന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. കെ.പി.സി.സി അദ്ധ്യക്ഷനെന്ന നിലയില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലാണ് അദ്ദേഹത്തിന്റെ പ്രധാന ചുമതല.സിറ്റിംഗ് എം.പിയായിരുന്ന എം.ഐ ഷാനവാസ് അന്തരിച്ചതിനാല്‍ വയനാടും പുതിയ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ്സിന് കണ്ടെത്തേണ്ടതുണ്ട്. ഈ രണ്ടു മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളാകാന്‍ അര ഡസന്‍ നേതാക്കള്‍ ഇതിനകം തന്നെ ശ്രമം തുടങ്ങിയിട്ടുണ്ട്.കെ.പി.സി.സി. പട്ടികയില്‍ ഇടം പിടിക്കുക എന്നതിലുപരി ഹൈക്കമാന്റില്‍ സ്വാധീനം ഉള്ള നേതാക്കളില്‍ സ്വാധീനം ചെലുത്തുക എന്നതാണ് ഇവര്‍ പയറ്റുന്ന തന്ത്രം.

കോണ്‍ഗ്രസ്സ് സംഘടനാ കാര്യ ചുമതലയുള്ള പ്രവര്‍ത്തക സമിതി അംഗം കെ.സി വേണുഗോപാലിനെ സ്വാധീനിക്കാനാണ് കൂടുതല്‍ പേരും രംഗത്തുള്ളത്. രാഹുല്‍ ഗാന്ധിയില്‍ വേണുഗോപാലിനുള്ള സ്വാധീനമാണ് ഇതിനു പ്രധാന കാരണം. ഉമ്മന്‍ ചാണ്ടിയാണ് മറ്റൊരു വിലപ്പെട്ട സ്വാധീന ശക്തി. എ.കെ. ആന്റണിക്കും രമേശ് ചെന്നിത്തലക്കുമാണ് ഡിമാന്റ് കുറവുള്ളത്. ഐ ഗ്രൂപ്പിലെ സ്ഥാനമോഹികളാണ് പ്രധാനമായും ചെന്നിത്തലയെ സ്വാധീനിക്കുന്നത്.

അതേ സമയം ഗ്രൂപ്പ് വീതം വയ്പ് ലോകസഭ തിരഞ്ഞെടുപ്പില്‍ നടക്കില്ലന്ന കര്‍ക്കശ നിലപാടിലാണ് രാഹുല്‍ ഗാന്ധി. ഇക്കാര്യം കേരള നേതാക്കളെ അദ്ദേഹം അറിയിച്ചിട്ടുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനെ രഹസ്യമായി കേരളത്തില്‍ എത്തിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ നേരിട്ട് ഇടപെടുകയാണിപ്പോള്‍ രാഹുല്‍ ഗാന്ധി. മുകുള്‍ വാസ്‌നിക്കിന്റെ റിപ്പോര്‍ട്ട് എതിരായാല്‍ സിറ്റിംങ് എംപിമാരില്‍ തന്നെ പലര്‍ക്കും വീട്ടിലിരിക്കേണ്ടിവരും.

Top