തെരഞ്ഞെടുപ്പ് :ചാലക്കുടിയില്‍ ഇന്നസെന്റ് തന്നെ, പൊന്നാനിയില്‍ തീരുമാനമായില്ല

തിരുവനന്തപുരം: ചാലക്കുടിയില്‍ ഇന്നസെന്റ് സിപിഎം സ്ഥാനാര്‍ത്ഥിയാകും. തെരഞ്ഞെടുപ്പില്‍ ഇന്നസെന്റിനെ തന്നെ മത്സരിപ്പിക്കാന്‍ സംസ്ഥാന സമിതിയില്‍ തീരുമാനമായി. ഒരവസരം കൂടി നല്‍കാനാണ് സിപിഎം സംസ്ഥാനസമിതിയില്‍ തീരുമാനമായിരിക്കുന്നത്.നിലവില്‍ ചാലക്കുടിയിലെ സിറ്റിംങ് എംപിയാണ് ഇന്നസെന്റ്‌

ലോക്‌സഭ തെരഞ്ഞെടുപ്പിലെ സി.പി.എം സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാന്‍ സി.പി.എമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങള്‍ തുടരുകയാണ്. സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം ഇപ്പോള്‍ സംസ്ഥാന കമ്മിറ്റി ചേരുകയാണ്. അതേസമയം പൊന്നാനി മണ്ഡലത്തില്‍ ധാരണയായില്ല.

ചാലക്കുടിയില്‍ ഇന്നസെന്റിനെ മത്സരിപ്പിക്കുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നു. സ്ഥാനാര്‍ത്ഥിത്വത്തില്‍ ആശങ്ക അറിയിച്ച് ചാലക്കുടി പാര്‍ലമെന്ററി കമ്മറ്റിയാണ് രംഗത്തെത്തിയിരുന്നത്. പി.രാജീവിനെയും സാജു പോളിനേയും പരിഗണിക്കണിക്കണമെന്നായിരുന്നു ശുപാര്‍ശ.ഇന്നസെന്റ് സ്ഥാനാര്‍ത്ഥിയായാല്‍ ഉത്തരവാദിത്വം സംസ്ഥാന നേതൃത്വത്തിനായിരിക്കുമെന്നും പാര്‍ലമെന്ററി കമ്മറ്റി അറിയിച്ചിരുന്നു.

അതേസമയം, പൊന്നാനി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം തീരുമാനമായില്ല. ശനിയാഴ്ച്ച സിപിഎം സംസ്ഥാന സമിതി വീണ്ടും യോഗം ചേരും

Top