കലങ്ങി മറിഞ്ഞ് തമിഴകം, കേന്ദ്രത്തിൽ ആരെ പിന്തുണക്കാനും തയ്യാറായേക്കും . . .

ദേശീയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേരോട്ടമില്ലെങ്കിലും കേന്ദ്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന സംസ്ഥാനമാണ് തമിഴ്നാട്. 39 എം.പിമാരാണ് ഇവിടെ നിന്നും തിരഞ്ഞെടുക്കപ്പെടുന്നത്. ലോക്‌സഭയില്‍ ഏറ്റവും കൂടുതല്‍ എം.പിമാരുള്ള മൂന്നാമത്തെ പാര്‍ട്ടി എന്ന നിലയില്‍ അണ്ണാ ഡി.എം.കെ എന്ന പാര്‍ട്ടിക്ക് മാറാന്‍ കഴിഞ്ഞതും പ്രാദേശിക കരുത്താണ്. സൂപ്പര്‍ താരം കമല്‍ ഹാസനും പടക്കളത്തിലിറങ്ങുന്നതോടെ ശക്തമായ ത്രികോണ മത്സരത്തിനാണ് തമിഴകം വേദിയായിരിക്കുന്നത്. ദ്രാവിഡ പാര്‍ട്ടികളായ അണ്ണാ ഡി.എം.കെയും ഡി.എം.കെയും മുന്നണികള്‍ വിപുലീകരിച്ചു കഴിഞ്ഞു. സംസ്ഥാന ഭരണം കയ്യാളുന്ന അണ്ണാ ഡി.എം.കെക്കൊപ്പം ബി.ജെ.പി കൂട്ടുചേര്‍ന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ പ്രത്യേകത.

കോണ്‍ഗ്രസ്സും സി.പി.എമ്മും ഇവിടെ ഡി.എം.കെ മുന്നണിയിലാണ് ജനവിധി തേടുന്നത്. നടന്‍ കമല്‍ ഹാസന്‍ ആകട്ടെ തന്റെ മക്കള്‍ നീതിമയ്യം പാര്‍ട്ടി എല്ലാ സീറ്റുകളിലും ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. സി.പി.എം മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സഹായകരമായ നിലപാട് സ്വീകരിക്കാമെന്ന് സി.പി.എം നേതാക്കള്‍ക്ക് കമല്‍ ഹാസന്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.കമല്‍ മത്സരിക്കുകയാണെങ്കില്‍ ആ മണ്ഡലത്തില്‍ സി.പി.എമ്മും ചില വിട്ടുവീഴ്ചകള്‍ ചെയ്യുമെന്നാണ് സൂചന.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഡി.എം.കെ മുന്നണിയിലായിരുന്ന പുതിയ തമിഴകം ഇത്തവണ അണ്ണാ ഡി.എം.കെ സഖ്യത്തില്‍ എത്തിയിട്ടുണ്ട്. അതേ സമയം അണ്ണാ ഡി.എം.കെക്ക് ഒപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഇന്ത്യന്‍ ജനനായക കക്ഷി ഡി.എം.കെ മുന്നണിയിലേക്കും കളം മാറ്റിയിട്ടുണ്ട്. ദേശീയ രാഷ്ട്രീയത്തേക്കാള്‍ പ്രാദേശിക രാഷ്ട്രീയമാകും തമിഴകത്ത് തിരഞ്ഞെടുപ്പ് വിഷയമാകുക. ജയലളിത രാജ്യത്തെ മൂന്നാമത്തെ കക്ഷിയാക്കിയ അണ്ണാ ഡി.എം.കെയുടെ അടിവേര് ഈ തിരഞ്ഞെടുപ്പില്‍ തകര്‍ക്കുമെന്നാണ് ഡി.എം.കെ മുന്നണിയുടെ അവകാശവാദം. തമിഴകം തൂത്ത് വാരി കേന്ദ്രത്തില്‍ ശക്തമായ അധികാര കേന്ദ്രമാകാനുള്ള നീക്കമാണ് ഡി.എം.കെ നടത്തുന്നത്. ഇപ്പോള്‍ അണ്ണാ ഡി.എം.കെ ക്കുള്ള സ്വാധീനം ഡി.എം.കെക്ക് ലഭിക്കുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് തല്‍ക്കാലം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങാത്തതാണ് ഡി.എം.കെ യുടെ പ്രതീക്ഷയുടെ അടിസ്ഥാനം. കരുണാനിധിയുടെ മകള്‍ കനിമൊഴി ലോക്‌സഭയിലേക്ക് മല്‍സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഇവരായിരിക്കും ഇനി കേന്ദ്രത്തിലെ അധികാര കേന്ദ്രമെന്നാണ് ഡി.എം.കെ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

എന്നാല്‍ തമിഴകത്ത് മുഖ്യമന്ത്രി കസേര സ്വപ്നം കാണുന്ന കനിമൊഴിയുടെ സഹോദരന്‍ സ്റ്റാലിന്റെ കാര്യം ഇപ്പാഴും പരുങ്ങലില്‍ തന്നെയാണ്. നിയമസഭ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മത്സരിക്കുമെന്ന് രജനീകാന്ത് പ്രഖ്യാപിച്ചതാണ് ആശങ്കക്ക് കാരണം. ലോകസഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നാല്‍ അധികം താമസിയാതെ തന്നെ അണ്ണാ ഡി.എം.കെ സര്‍ക്കാര്‍ വീഴുമെന്ന കണക്ക് കൂട്ടലിലാണ് ഡി.എം.കെ. രജനി പാര്‍ട്ടി രൂപീകരിച്ച് മുന്നാട്ട് പോയാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വലിയ തരിച്ചടി നേരിടേണ്ടി വരുമെന്നതാണ് സ്റ്റാലിന്റെ ഉറക്കം കെടുത്തുന്നത്.

ലോകസഭ തിരഞ്ഞെടുപ്പില്‍ കനിമൊഴിയുടെ നേതൃത്വത്തിലുള്ള ടീം വിജയിക്കുകയും നിയമസഭ തിരഞ്ഞെടുപ്പില്‍ സ്റ്റാലിനും അനുയായികളും തോല്‍ക്കുകയും ചെയ്താല്‍ അത് ഡി.എം.കെ രാഷ്ട്രീയത്തിലും പൊട്ടിത്തെറിയില്‍ കലാശിക്കും. നിലവില്‍ തെക്കന്‍ ജില്ലകളില്‍ സ്വാധീനമുള്ള സ്റ്റാലിന്റെ സഹോദരന്‍ അളഗിരി ഇപ്പോഴും ഉടക്കില്‍ തന്നെയാണ്. ഇദ്ദേഹം ഇപ്പോള്‍ ഡി.എം.കെയില്‍ നിന്നും പുറത്താണെങ്കിലും തെക്കന്‍ മേഖലയില്‍ ഇപ്പോഴും സ്വാധീനമുണ്ട്.അളഗിരിയുടെ സ്വാധീനം ഉപയോഗപ്പെടുത്താന്‍ അണ്ണാ ഡി.എം.കെ ബി.ജെ.പി സഖ്യവും നിലവില്‍ ശ്രമം നടത്തുന്നുണ്ട്. സംസ്ഥാന രാഷ്ട്രീയമല്ല , ദേശീയ രാഷ്ട്രീയമാണ് ലോകസഭ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടുക എന്നതാണ് അണ്ണാ ഡി.എം.കെയുടെ വാദം. ബി.ജെ.പി ബന്ധം ഗുണം ചെയ്യുമെന്നും പാര്‍ട്ടി നേതൃത്വം കരുതുന്നു. അതേസമയം, ബി.ജെ.പി സഹവാസം ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെടുത്തില്ലേ എന്ന ആശങ്കയും അണ്ണാ ഡി.എം.കെ നേതൃത്വത്തിനുണ്ട്.

ആകെ കലങ്ങി മറിഞ്ഞ അവസ്ഥയിലാണ് തമിഴക രാഷ്ട്രീയമിപ്പോള്‍. സഖ്യവും പ്രചാണവും പാര്‍ട്ടികളുടെ പ്രതീക്ഷകളും എല്ലാം കുഴഞ്ഞ് മറിഞ്ഞിരിക്കുകയാണ്. ആശയപരമായ ഒരു യോജിപ്പുമില്ലാത്ത സഖ്യങ്ങളാണ് നിലവിലുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഡി.എം.കെ കൂടുതല്‍ സീറ്റുകള്‍ നേടിയാലും കേന്ദ്രത്തില്‍ ആര്‍ക്കാണ് മുന്‍തൂക്കമെന്നത് നോക്കി ആയിരിക്കും നിലപാട് സ്വീകരിക്കുക. മുന്‍പ് വാജ് പേയി മന്ത്രിസഭക്ക് പിന്തുണ നല്‍കിയ ചരിത്രം ഡി.എം.കെക്ക് ഉള്ളതിനാല്‍ ബി.ജെ.പിക്ക് ഡിഎംകെയിലും ഒരു പ്രതീക്ഷയുണ്ട്.

Political Reporter

Top