ജനങ്ങള്‍ സര്‍ക്കാരിനെ തെരഞ്ഞെടുക്കട്ടെ; മുഴുവന്‍ വിവി പാറ്റുകളും എണ്ണണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: മുഴുവന്‍ വിവി പാറ്റുകളും എണ്ണണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ചെന്നൈയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ഇഷ്ടമുള്ള സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ ജനങ്ങളെ അനുവദിക്കൂവെന്ന് ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീം കോടതി പറഞ്ഞു. ഇത്തരം ആവശ്യവുമായി ഹര്‍ജിക്കാര്‍ ശല്യം ചെയ്യുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

വിവിപാറ്റ് എണ്ണുന്നത് സംബന്ധിച്ച് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഇത്തരം ആവശ്യം അംഗീകരിക്കില്ല എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.പലയിടത്തും വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ മുഴുവന്‍ വിവിപാറ്റുകളും എണ്ണിയാല്‍ മാത്രമേ കൃത്യമായ രീതിയില്‍ തിട്ടപ്പെടുത്താന്‍ കഴിയുകയുള്ളൂ എന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍, സുപ്രീം കോടതിയുടെ അവധിക്കാല ബഞ്ചാണ് ആവശ്യം തള്ളിയിരിക്കുന്നത്. നേരത്തെ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് ഓരോ നിയോജക മണ്ഡലത്തിലെയും അഞ്ച് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റ് ബന്ധപ്പെടുത്തി നോക്കിയാല്‍ മതിയെന്ന് ഉത്തരവിട്ടിരുന്നു. ആ ഉത്തരവ് നിലനില്‍ക്കെ വീണ്ടും ഈ ഉത്തരവ് പരിഗണിക്കാന്‍ കഴിയില്ല എന്നും കോടതി വ്യക്തമാക്കി.

Top