പ്രതിപക്ഷ പാര്‍ട്ടികളെ ഒപ്പം നിര്‍ത്താനുറച്ച് കോണ്‍ഗ്രസ്; പുതു തന്ത്രം പുറത്തെടുത്ത് സോണിയ

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിച്ച് ഭരണം പിടിക്കാന്‍ പുതിയ കരു നീക്കവുമായി കോണ്‍ഗ്രസ്. ഡല്‍ഹിയില്‍ നടക്കുന്ന സംയുക്തയോഗത്തില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധി പ്രതിപക്ഷ നേതാക്കള്‍ക്ക് കത്തയച്ചു.

യോഗത്തിലേക്ക് ടി.ആര്‍.എസ്, ബി.ജെ.പി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തിന് സാധ്യതയുണ്ടെങ്കില്‍ കാലതാമസം ഇല്ലാതെ അവസരം മുതലെടുക്കുക എന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യം.

രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് പ്രധാനമന്ത്രി പദത്തിലേക്ക് ഉയര്‍ത്തിക്കാണിക്കുന്നതില്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് യോജിപ്പില്ലെന്നാണ് സൂചന. അതേസമയം, പ്രധാനമന്ത്രി പദം ലഭിച്ചില്ലെങ്കില്‍ പ്രശ്നമില്ലെന്നും എന്നാല്‍ ബി.ജെ.പി അധികാരത്തിലെത്തുന്നത് തടയുമെന്നും രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാബ് നബി ആസാദ് പറഞ്ഞിരുന്നു. എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത് തടയുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. എല്ലാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലും കോണ്‍ഗ്രസിനുവേണ്ടി ധാരണ ഉണ്ടായാല്‍ നേതൃത്വം പാര്‍ട്ടി ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Top