ആരിഫിനെ കൈവിടാതെ ആലപ്പുഴ; കേരളം തൂത്തുവാരി യുഡിഎഫ്…

തിരുവനന്തപുരം: വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ആകെയുള്ള 20 സീറ്റില്‍ പത്തൊമ്പതിലും ലീഡ് നിലനിര്‍ത്തി യുഡിഎഫ്. ആലപ്പുഴയില്‍ മാത്രമാണ് ഇടതുമുന്നണിക്കു ലീഡുള്ളത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ.എം ആരിഫാണ് കേരളത്തില്‍ ചുവപ്പ് വിരിച്ച് നില്‍ക്കുന്ന ഏക സ്ഥാനാര്‍ത്ഥി. നിലവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനില്‍ നിന്ന് 8718 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആരിഫ് മുന്നേറുന്നത്.

കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മല്‍സരിച്ച വയനാട്ടിലും പി.കെ.കുഞ്ഞാലിക്കുട്ടിയുടെ മലപ്പുറത്തും ലീഡ് ഒന്നരലക്ഷം കടന്നു. ഡീന്‍ കുര്യാക്കോസിന്റെ ലീഡ് ഒന്നേകാല്‍ ലക്ഷം തൊട്ട മറ്റൊരാള്‍. പൊന്നാനിയില്‍ ഇ.ടി.മുഹമ്മദ് ബഷീര്‍, കോട്ടയത്ത് തോമസ് ചാഴികാടന്‍, കോഴിക്കോട്ട് എം.കെ.രാഘവന്‍, ആലത്തൂരില്‍ രമ്യ ഹരിദാസ്, എറണാകുളത്ത് ഹൈബി ഈഡന്‍, കൊല്ലത്ത് എം.കെ.പ്രേമചന്ദ്രന്‍ എന്നിവരുടെ ലീഡ് അരലക്ഷം കടന്നു.

കേരളത്തില്‍ ആകെ 20 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മൊത്തം രണ്ടു കോടിയിലേറെ വോട്ടര്‍മാര്‍ 227 സ്ഥാനാര്‍ഥികളില്‍ നിന്നാണ് 20 പേരെ തിരഞ്ഞെടുക്കുന്നത്.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണിക്കും കനത്ത തിരിച്ചടിയാണ് നല്‍കുന്നത്. പിണറായി വിജയനായിരുന്നു ഇടതുപക്ഷത്തിന്റെ പ്രചരണ നേതൃത്വം. ശബരിമല വിഷയവും കേരളത്തെ തകര്‍ത്തുലച്ച പ്രളയവുമാണ് കേരളം ഇടതുപക്ഷത്തെ കൈവിടാനുണ്ടായ കാരണമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

Top