ഇന്ത്യയിലാകെ മോദി തരംഗം; അഭിനന്ദനവുമായി ലോക രാജ്യങ്ങള്‍…

ന്യൂഡല്‍ഹി: എക്‌സിറ്റ് പോള്‍ പ്രവചനത്തെക്കാലും മികച്ച വിജയം കൊയ്ത് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ വീണ്ടും അധികാരത്തിലേക്ക് കടകക്കുകയാണ്. കേന്ദ്രഭരണത്തിന്റെ രണ്ടാം ഊഴത്തിലേക്ക് കടക്കുന്ന ബിജെപിക്ക് അഭിനന്ദനവുമായി ഇതിനോടകംതന്നെ നിരവധി പ്രമുഖര്‍ എത്തിക്കഴിഞ്ഞു.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്, ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ തുടങ്ങിയവര്‍ മോദിയെ അഭിനന്ദിച്ച് രംഗത്തെത്തി. ഇവര്‍ക്കു പുറമെ പ്രമുഖ ഇന്ത്യന്‍ താരങ്ങളും മോദി സര്‍ക്കാരിന്റെ മടങ്ങി വരവിനെ പ്രശംസിച്ചു.

2014ലെ നേട്ടത്തെയും കടത്തിവെട്ടിയാണ് എന്‍ഡിഎ മുന്നേറ്റം കുറിച്ചത്. 350ന് അടുത്ത് സീറ്റുകളുമായാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്രഭരണത്തിലെ രണ്ടാമൂഴത്തിനു തയാറെടുക്കുന്നത്. ബിജെപിക്ക് ഒറ്റയ്ക്ക് ഇക്കുറിയും കേവല ഭൂരിപക്ഷം ഉറപ്പാക്കുന്നതാണ് സൂചനകള്‍. ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡ് യോഗം വൈകിട്ട് 5.30ന് ചേരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും യോഗത്തില്‍ പങ്കെടുക്കും. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവച്ച് കര്‍ണാടക, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളില്‍ എന്‍ഡിഎ മുന്നേറ്റം ദൃശ്യമായിട്ടുണ്ട്. എസ്പിയും ബിഎസ്പിയും സഖ്യമായി മല്‍സരിച്ച ഉത്തര്‍പ്രദേശില്‍ അവര്‍ക്കു കനത്ത തിരിച്ചടിയാണു നേരിടുന്നത്. തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യം വന്‍ മുന്നേറ്റം നടത്തി. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പൊരുതിയ ബംഗാളില്‍ ബിജെപി നേട്ടുമുണ്ടാക്കി. ആന്ധ്രാപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസും തെലങ്കാനയില്‍ ടിആര്‍എസ്സും ബഹുദൂരം മുന്നിലാണ്.

ദേശീയ തലത്തില്‍ തിരിച്ചടി നേരിടുന്ന കോണ്‍ഗ്രസിന് ആശ്വാസം പകര്‍ന്ന് കേരളവും പഞ്ചാബും മാത്രമാണ്. കേരളത്തിലാണെങ്കിലൊ ഭരണകക്ഷിയായ എല്‍ഡിഎഫിന് കേവലം ഒരു സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ട അവസ്ഥയാണ്.

Top