രാഹുല്‍ വയനാട്ടില്‍ വിജയിച്ചത് 40 ശതമാനം മുസ്ലീം വോട്ടുകള്‍ കാരണം : അസദുദ്ദീന്‍ ഒവൈസി

ഹൈദരാബാദ്: ലോകസഭാ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ തോറ്റ രാഹുല്‍ ഗാന്ധി വയനാട്ടില്‍ വിജയിക്കാന്‍ കാരണം 40 ശതമാനം വരുന്ന മുസ്ലീം വോട്ടുകളാണെന്ന് ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദുള്‍ മുസ്ലിമീന്‍ പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസി. ഹൈദരാബാദില്‍ പൊതുയോഗത്തില്‍ സംസാരിക്കവെയായിരുന്നു ഒവൈസിയുടെ പരാമര്‍ശം. ജീവിക്കാനായി ആരുടേയും ഔദാര്യം ആവശ്യമില്ലാത്ത സമുദായമാണ് മുസ്ലീങ്ങള്‍. അത്തരത്തില്‍ രാജ്യത്തെ മുസ്‌ലിംകള്‍ക്ക് ലഭിക്കുന്ന സ്ഥാനത്തില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

”1947 ആഗസ്റ്റ് 15 ന് ഞങ്ങളുടെ പൂര്‍വ്വികര്‍ കരുതിയത് ഇതൊരു പുതിയ ഇന്ത്യയാകുമെന്നാണ്. ആ ഇന്ത്യ ആസാദിന്റെയും ഗാന്ധിയുടെയും നെഹ്റുവിന്റെയും അംബേദ്കറിന്റെയും അവരുടെ കോടിക്കണക്കിന് അണികളുടേയും ആകും. ഈ രാജ്യത്ത് ഞങ്ങള്‍ക്ക് മതിയായ സ്ഥാനം ലഭിക്കുമെന്ന് എനിക്കിപ്പോഴും പ്രതീക്ഷയുണ്ട്. ഞങ്ങള്‍ക്ക് ആരുടേയും ഔദാര്യം വേണ്ട, നിങ്ങളുടെ ദാനത്താല്‍ ഞങ്ങള്‍ക്ക് അതിജീവിക്കണ്ട.

കോണ്‍ഗ്രസില്‍ നിന്നോ മറ്റ് മതേതര പാര്‍ട്ടികളില്‍ നിന്നോ നിങ്ങള്‍ പിന്‍വാങ്ങേണ്ട. പക്ഷെ അവര്‍ക്ക് കരുത്തില്ല, ദിശാബോധമില്ല, അവര്‍ ശക്തമായി ഇടപെടുന്നില്ല. എവിടെയാണ് ബി.ജെ.പി പരാജയപ്പെട്ടത്? പഞ്ചാബില്‍. അവിടെ ആരാണുള്ളത്? സിക്കുകാര്‍. എന്തുകൊണ്ടാണ് ബി.ജെ.പി ഇന്ത്യയില്‍ മറ്റ് ചില ഇടങ്ങളിലും പരാജയപ്പെട്ടത്? അവിടങ്ങളില്‍ കോണ്‍ഗ്രസുള്ളത് കാരണമല്ല. അതിന് കാരണം പ്രാദേശിക പാര്‍ട്ടികളാണ്”- ഒവൈസി കൂട്ടിച്ചേര്‍ത്തു.

എതിര്‍ സ്ഥാനാര്‍ത്ഥി സിപിഐയിലെ പി പി സുനീറിനേക്കാള്‍ 4,31,063 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും ജയിച്ച് പാര്‍ലമെന്റിലെത്തിയത്.

Top