വോട്ടിംഗ് യന്ത്രം തകരാറിലായി; വോട്ടെടുപ്പ് രാത്രി 11 വരെ നീട്ടി

കോഴിക്കോട്:വോട്ടിംഗ് യന്ത്രം തകരാറിലായത് മൂലം വോട്ടെടുപ്പ് നടപടികള്‍ പലതവണ തടസപ്പെട്ട കോഴിക്കോട് മണ്ഡലത്തിലെ ഒരു ബൂത്തിലെ പോളിംഗ് രാത്രി 11 മണി വരെ നീട്ടി. കോഴിക്കോട് മണ്ഡലത്തിലെ കൊയിലാണ്ടിക്ക് സമീപം പുളിയഞ്ചേരി യു.പി സ്‌കൂളിലെ 79-ാം നമ്പര്‍ ബൂത്തിലാണ് പോളിംഗ് രാത്രി 11 വരെ നീട്ടാന്‍ വരണാധികാരിയായ ജില്ലാ കളക്ടര്‍ സാംബശിവ റാവു നിര്‍ദ്ദേശം നല്‍കിയത്.

രാവിലെ വോട്ടിംഗ് തുടങ്ങുന്നതിന് മുമ്പുള്ള മോക്ക് പോളിനിടെ തന്നെ ഇവിടെ വോട്ടിംഗ് യന്ത്രം തകരാറിലാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മറ്റൊരു യന്ത്രം കൊണ്ടുവന്നാണ് ഇവിടെ ഏഴ് മണിക്ക് വോട്ടിംഗ് തുടങ്ങിയത്. എന്നാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വീണ്ടും വോട്ടിംഗ് യന്ത്രം കേടായി. മറ്റൊരു യന്ത്രം കൊണ്ടുവന്നെങ്കിലും വോട്ടിംഗ് പുനരാരംഭിക്കാന്‍ കഴിഞ്ഞത് ഉച്ചയ്ക്ക് ഒരു മണിയോടെയാണ്. തുടര്‍ന്നാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുമായി സംസാരിച്ച ശേഷം പോളിംഗ് രാത്രിയിലേക്ക് നീട്ടാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്.

Top