ലോക്‌സഭാ തെരഞ്ഞെടുപ്പ്; മുഴുവന്‍ സമയ പ്രവര്‍ത്തകരെ നിയോഗിക്കാനൊരുങ്ങി ബിജെപി

bjp

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വലിയ ഒരുക്കങ്ങളാണ് ബിജെപി സംസ്ഥാനത്ത് നടത്താന്‍ ഉദ്ദേശിക്കുന്നത്. 140 നിയമസഭ മണ്ഡലങ്ങളിലും ഓരോ മുഴുവന്‍ സമയ പ്രവര്‍ത്തകനെ നിയോഗിക്കാന്‍ ബിജെപി ആലോചിക്കുന്നു. വോട്ടെടുപ്പ് നടക്കുന്നത് വരെ അവര്‍ കുടുംബ കാര്യം പോലും മാറ്റിവെച്ച് പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദ്ദേശം.

മണ്ഡലത്തിന് പുറത്തു നിന്നുള്ള ഒരാള്‍ക്കായിരിക്കും ഈ ചുമതല. ഒക്ടോബര്‍ ഒന്നിനകം 140 മണ്ഡലങ്ങളിലും ആരൊക്കെ പ്രവര്‍ത്തിക്കും എന്നത് സംബന്ധിച്ച പട്ടിക സമര്‍പ്പിക്കാന്‍ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടു. ജില്ലാതലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളെയാണു പരിഗണിക്കുന്നത്.

തെരഞ്ഞെടുക്കപ്പെട്ടാല്‍ ഈ ഒക്ടോബര്‍ മുതല്‍ ലോക്‌സഭാ വോട്ടെടുപ്പുവരെ ബന്ധപ്പെട്ട മണ്ഡലത്തില്‍ തന്നെ കേന്ദ്രീകരിക്കണം. വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ വീട്ടില്‍ പോകണമെന്നുണ്ടെങ്കില്‍ ബന്ധപ്പെട്ട നേതാക്കളുടെ മുന്‍കൂട്ടിയുള്ള അനുമതിയുണ്ടാകണം.

ലോക്‌സഭാ മണ്ഡലം, നിയമസഭാ മണ്ഡലം, പഞ്ചായത്ത്, ഏതാനും ബൂത്തുകള്‍ ചേര്‍ന്നുള്ള ശക്തികേന്ദ്രം, ബൂത്ത് എന്നീ അഞ്ചു തലത്തിലായി തിരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ബിജെപി തീരുമാനിച്ചിരിക്കുന്നത്. ചില സംസ്ഥാനങ്ങളില്‍ പഞ്ചായത്തുകളിലും ശക്തികേന്ദ്രങ്ങളിലും മുഴുവന്‍ സമയ പ്രവര്‍ത്തകരെ നിയോഗിക്കുന്നുണ്ട്. കേരളത്തില്‍ ചില മണ്ഡലങ്ങളില്‍ ഒന്നില്‍ കൂടുതല്‍ നിയോഗിക്കാനും ആലോചിക്കുന്നുണ്ട്.

പുതിയ സംസ്ഥാന പ്രസിഡന്റ് വരാനുണ്ടായ കാലതാമസവും അതിനുശേഷം സംസ്ഥാന ഭാരവാഹികളെ തീരുമാനിക്കാനുണ്ടായ താമസവുമെല്ലാം കേരളത്തില്‍ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളെ ബാധിച്ചിട്ടുണ്ട്. 26, 27 തീയതികളില്‍ കൊച്ചിയില്‍ ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിന്റെ അജന്‍ഡയും തെരഞ്ഞെടുപ്പ് തന്നെയാണ്. കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് അടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.

Top