മോദി ഭരണം മതിയെന്ന് ഓഹരി നിക്ഷേപകര്‍; ഇന്ത്യയിലേക്ക് വിദേശപണത്തിന്റെ ഒഴുക്ക്

കൊച്ചി: രാജ്യത്തിന്റെ ഭരണം വീണ്ടും മോദിയുടെ കൈകളിലെത്തും എന്ന പ്രതീക്ഷയില്‍ ഇന്ത്യന്‍ ഓഹരികള്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടുകയാണ് വിദേശ നിക്ഷേപകര്‍. നിക്ഷേപകര്‍ എല്ലാവരും പ്രതീക്ഷിക്കുന്നത് ഭരണത്തുടര്‍ച്ചയാണ്. അത്‌കൊണ്ട് തന്നെ നരേന്ദ്ര മോദി നയിക്കുന്ന എന്‍.ഡി.എ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ ഏറിയേക്കുമെന്ന വിലയിരുത്തലുകളുടെ പിന്‍ബലത്തില്‍ ഇന്ത്യന്‍ ഓഹരികള്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടുകയാണ് വിദേശ നിക്ഷേപകര്‍.

27,000 കോടി രൂപയുടെ ഇന്ത്യന്‍ ഓഹരികളാണ് ഈമാസം ഇതുവരെ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ വാങ്ങിക്കൂട്ടിയത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഒരുമാസം ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണിത്. 2017 മാര്‍ച്ചില്‍ ലഭിച്ച 33,800 കോടി രൂപയാണ് ഇതിനു മുമ്പത്തെ ഉയര്‍ന്ന നിക്ഷേപം. ഉത്തര്‍പ്രദേശ് അടക്കമുള്ള പ്രമുഖ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി കാഴ്ചവച്ച മികച്ച വിജയമാണ് അന്നും നിക്ഷേപകരെ സ്വാധീനിച്ചത്. നിക്ഷേപകര്‍ക്കിടയിലെ എന്‍.ഡി.എ അനുകൂല ട്രെന്‍ഡ്, ഈമാസം നിഫ്റ്റിക്ക് 6.75 ശതമാനം കുതിപ്പും നല്‍കി. വിദേശ നിക്ഷേപകര്‍ ഏറ്റവുമധികം പണമൊഴുക്കുന്ന ബാങ്ക് നിഫ്റ്റി സൂചിക പതിനൊന്ന് ശതമാനമാണ് കുതിച്ചത്. നിലവില്‍ ബാങ്ക് നിഫ്റ്റി സര്‍വകാല ഉയരത്തിലാണുള്ളത്. വെറും രണ്ടു ശതമാനം കൂടി മുന്നേറിയാല്‍, നിഫ്റ്റിക്കും സര്‍വകാല റെക്കോഡുയരം കുറിക്കാം. ഇപ്പോള്‍ 11,456ലാണ് നിഫ്റ്റിയുള്ളത്. കഴിഞ്ഞ ആഗസ്റ്റ് 28ന് കുറിച്ച 11,760 പോയിന്റാണ് നിലവിലെ റെക്കോഡ്.

ഇന്ത്യന്‍ ഓഹരി വിപണിയില്‍, വിദേശ നിക്ഷേപകരുടെ ‘ലോംഗ്‌ഷോര്‍ട്ട്’ അനുപാതം ഇപ്പോള്‍ 63 ശതമാനമാണ്. കഴിഞ്ഞ ആറുമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അനുപാതം, 50 ശതമാനത്തിന് മുകളില്‍ ആയാല്‍ ഇന്ത്യന്‍ വിപണി ഏറെ ആകര്‍ഷകമാണെന്നാണ് വിലയിരുത്തപ്പെടുക. 50 ശതമാനത്തിന് താഴെയായാല്‍, നിക്ഷേപത്തിന് അനുകൂലമല്ല എന്നുമാണ്. വരും നാളുകളില്‍ അനുപാതം ഉയര്‍ന്നു തന്നെ തുടരുമെന്നാണ് ലഭിക്കുന്ന വിവരം.

Top