അമ്മയ്‌ക്കൊപ്പം വോട്ട് ചെയ്ത് ദിലീപ്; ഇന്ത്യയെ രക്ഷിക്കുന്ന നല്ലൊരു ഭരണം വരട്ടെയെന്ന് ആശംസ

ആലുവ: അടുത്ത അഞ്ച് വര്‍ഷത്തെ വിധിയെഴുത്തിനായി കേരളം പോളിങ് സ്‌റ്റേഷനില്‍ എത്തിയിരിക്കുകയാണ്. വോട്ടിംഗ് ആരംഭിച്ച് ഏഴ് മണിക്കൂറില്‍ തന്നെ മികച്ച പോളിംങാണ് സംസ്ഥാനത്തെ പല ബൂത്തുകളിലും രേഖപ്പെടുത്തിയിരിക്കുന്നത്.

സധാരണക്കാര്‍ക്കൊപ്പം താരങ്ങളും രാഷ്ടീയ പ്രമുഖരും തങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്താന്‍ അതിരാവിലെ മുതല്‍ തന്നെ പോളിംങ് സ്‌റ്റേഷനുകളില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. സിനിമാ താരം ദിലീപ് അമ്മ സരോജത്തിനൊപ്പമെത്തി ആലുവ പാലസിന് സമീപത്തെ പോളിംഗ് സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്തി. സഹോദരന്‍ അനൂപ്, അനൂപിന്റെ ഭാര്യ ലക്ഷ്മി പ്രിയ, സഹോദരി ജയലക്ഷ്മി എന്നിവരും ദിലീപിന് ഒപ്പമുണ്ടായിരുന്നു. ഇന്ത്യയെ രക്ഷിക്കുന്ന നല്ലൊരു ഭരണം വരട്ടെയെന്ന് വോട്ട് ചെയ്തതിന് ശേഷം മാധ്യമപ്രവര്‍ത്തരോട് പ്രതികരിക്കവെ ദിലീപ് പറഞ്ഞു.

പതിവില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ സിനിമാ താരങ്ങള്‍ ഇത്തവണ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ എത്തുകയുണ്ടായി. സൂപ്പര്‍ താരം മോഹന്‍ലാല്‍ രാവിലെ തന്നെ തിരുവനന്തപുരത്തെ മുടവന്‍മുകളിലുള്ള എല്‍.പി സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വോട്ട് ചെയ്യാന്‍ ലാല്‍ എത്തുന്നത്. മമ്മൂട്ടി അപര്‍ണാ ബാലമുരളി, ടൊവിനോ തോമസ്, മുകേഷ്, തുടങ്ങിയ താരങ്ങള്‍ എല്ലാം അതിരാവിലെ തന്നെ വോട്ട് ചെയ്യാനെത്തിയിരുന്നു.

Top