തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മായാവതി; പാര്‍ട്ടിയുടെ വിജയത്തിനായി പരിശ്രമിക്കും

MAYAVATHY

ലഖ്നൗ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിഎസ്പി നേതാവ് മായാവതി. തന്റെ ലക്ഷ്യം പാര്‍ട്ടിയുടെ വിജയം മാത്രമാണെന്നും അതിനായി പരിശ്രമിക്കുമെന്നും മായാവതി പറഞ്ഞതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

മായാവതിയുടെ തീരുമാനത്തില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ നിരാശയിലാണെന്നാണ് റിപ്പോര്‍ട്ട്. മായാവതി മത്സരിക്കണമെന്ന ആവശ്യം ബുധനാഴ്ച്ച നടന്ന പാര്‍ട്ടി യോഗത്തില്‍ നേതാക്കള്‍ മുന്നോട്ട് വച്ചിരുന്നു. എന്നാല്‍, താന്‍ പാര്‍ട്ടിയുടെ ഒരേയൊരു താരപ്രചാരക ആണെന്നും ഒരു മണ്ഡലത്തിലേക്ക് മാത്രമായി തന്റെ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്താന്‍ ആവില്ലെന്നുമായിരുന്നു മായാവതിയുടെ പ്രതികരണം.

ഏപ്രില്‍ രണ്ടിന് ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറില്‍ നിന്നാണ് ബിഎസ്പിയുടെ ദേശീയ പ്രചാരണത്തിന് തുടക്കമാകുക. ഏപ്രില്‍ ഏഴിന് ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി, രാഷ്ട്രീയ ലോക്ദള്‍ എന്നിവയുമായി ചേര്‍ന്നും മായാവതി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ നടത്തും. മുലായംസിങ് യാദവ് അടക്കമുള്ള സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി മായാവതി പ്രചാരണത്തിനിറങ്ങുമെന്നാണ് വിവരം.

Top