രണ്ടിടത്ത് ബി.ജെ.പി വിജയിക്കുമെന്ന് ഐ.ബി റിപ്പോര്‍ട്ട് !

തിരുവനന്തപുരം: 17-ാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എക്കാലത്തേക്കാളും കനത്ത പോളിംങ് ആയിരുന്നു രേഖപ്പെടുത്തിയത്. പോളിംഗ് ശതമാനം ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ മികച്ച വിജയമാണ് കേരളത്തിലെ മുന്നണി പാര്‍ട്ടികള്‍ പ്രതീക്ഷിക്കുന്നത്. കേരളത്തിലെ തെരഞ്ഞെടുപ്പ് കണക്കുകള്‍ അടിസ്ഥാനമാക്കി കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി) നടത്തിയ ഇലക്ഷന്‍ പ്രവചനം പുറത്തു വന്നിരിക്കുകയാണിപ്പോള്‍. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് മുന്‍തൂക്കം നേടുമെന്നാണ് ഐ.ബിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇലക്ഷന്‍ റിസള്‍ട്ട് പുറത്തു വരുമ്പോള്‍ എല്‍.ഡി.എഫിന് നാല് സീറ്റുകള്‍ ലഭിക്കുമെന്നും പത്തനംതിട്ട, തിരുവനന്തപുരം സീറ്റുകളില്‍ ബി.ജെ.പി വിജയിക്കുമെന്നും ഐ.ബിയുടെ റിപ്പോര്‍ട്ട് പറയുന്നു.

എന്നാല്‍ സംസ്ഥാന പൊലീസിന്റെ നിയന്ത്രത്തിലുള്ള ഇന്റലിജന്‍സ് ബ്യൂറോ പുറത്തു വിട്ട കണക്കില്‍ കേരളത്തില്‍ 14 സീറ്റുകളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്നാണ് പറയുന്നത്. യു.ഡി.എഫിന് 4 സീറ്റുകള്‍ ലഭിക്കും. എന്നാല്‍ ഒരിടത്തും ബി.ജെ.പി രണ്ടാം സ്ഥാനത്ത് പോലും എത്താനിടയില്ലെന്നും പത്തനംതിട്ടയിലും തിരുവനന്തപുരത്തും പ്രവചനാതീതമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോട്ടയം,വയനാട്, മലപ്പുറം, പൊന്നാനി, എന്നീ മണ്ഡലങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍ ശക്തമായ മത്സരം കാഴ്ച വച്ചെങ്കിലും എറണാകുളത്ത് അവസാന നിമിഷം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.രാജീവ് വിജയിക്കും. മാവേലിക്കരയില്‍ തുടക്കത്തിലുണ്ടായിരുന്ന മുന്നേറ്റം അവസാനം വരെയും ഇടത് മുന്നണി സ്ഥാനാര്‍ത്ഥിക്ക് നിലനിറുത്താനായി. ശക്തമായ മത്സരം നടന്ന വടകരയില്‍ ബി.ജെ.പി വോട്ടുകള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന് മറിക്കുമെങ്കിലും ഇടത് സ്ഥാനാര്‍ത്ഥി പി.ജയരാജന്‍ വിജയിക്കും. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കോഴിക്കോട് യു.ഡി.എഫിന് മുന്‍തൂക്കം നല്‍കിയെങ്കിലും ഒളിക്യാമറാ വിവാദം തിരിച്ചടിയായി. ഇത് എല്‍.ഡി.എഫിന് ഗുണം ചെയ്യും. തൃശൂരില്‍ സുരേഷ് ഗോപി പിടിക്കുന്നതിലേറെയും യു.ഡി.എഫ് വോട്ടായതിനാല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വിജയസാധ്യതയുണ്ട്. എം.പിയായിരിക്കെ താന്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി പ്രചാരണം നടത്തിയ ഇന്നസെന്റ് വിജയിക്കും. കൊല്ലത്ത് അതിശക്തമായ വെല്ലുവിളിയുണ്ടെങ്കിലും അവസാന നിമിഷം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിക്കും. ആറ്റിങ്ങല്‍, ആലപ്പുഴ, ആലത്തൂര്‍, പാലക്കാട്, കാസര്‍ഗോട് എന്നിവിടങ്ങളില്‍ തുടക്കം മുതല്‍ എല്‍.ഡി.എഫിന് മുന്‍തൂക്കമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ശക്തമായ മത്സരം നേരിടുന്ന സ്ഥാനാര്‍ത്ഥികള്‍ ഉള്ള മണ്ഡലങ്ങളില്‍ ഫലത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരാമെന്ന സൂചനയും റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്.

അതേസമയം ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന് നേരെ വിപരീതമായ ഫല പ്രവചനമാണ് ഐബി നടത്തുന്നത്. ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളില്‍ അട്ടിമറി വിജയം നടത്തി ബി.ജെ.പി ലോക്‌സഭയിലേക്കുള്ള അക്കൗണ്ട് തുറക്കുമെന്നാണ് ഐ.ബി റിപ്പോര്‍ട്ട് പറയുന്നത്. ആറ്റിങ്ങല്‍, ആലപ്പുഴ, പാലക്കാട്, കാസര്‍കോട് എന്നിവയാണ് എല്‍.ഡി.എഫിന് ലഭിക്കുന്നത്. മറ്റ് 14 മണ്ഡലങ്ങളും യു.ഡി.എഫിന് ലഭിക്കുമെങ്കിലും കേരളത്തിലെ ഉയര്‍ന്ന ഭൂരിപക്ഷം രാഹുല്‍ ഗാന്ധിക്ക് ലഭിച്ചേക്കില്ല. എന്നാല്‍ അവസാന നിമിഷം വരെ ട്രെന്‍ഡുകള്‍ മാറിമറിഞ്ഞതിനാല്‍ ഇക്കാര്യത്തില്‍ മാറ്റം വരാമെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.

ഐബിയും സംസ്ഥാന ഇന്റലിജന്‍സ് വകുപ്പും നടത്തിയ ഫല പ്രവചനങ്ങള്‍ പുറത്തു വന്നു എങ്കിലും. ഇരു വിഭാഗങ്ങളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തിലുള്ള രഹസ്യാന്വേഷണ ഏജന്‍സികള്‍ ആയതിനാല്‍ റിപ്പോര്‍ട്ടിലെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ അടുത്ത മാസം 23 വരെ കാത്തിരിക്കേണ്ടി വരും.

Top