മതേതര ചേരിയ്ക്ക്‌ സി.പി.എം കരുനീക്കം, ആശങ്കയോടെ കോൺഗ്രസ്സും ബി.ജെ.പിയും

രുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ വിശാല സഖ്യമുണ്ടാക്കുമെന്ന സി.പി.എം പ്രഖ്യാപനത്തിൽ ആശങ്കയിൽ കോൺഗ്രസ്സ്.

പ്രാദേശിക പാർട്ടികളെ ഒപ്പം നിർത്തി പ്രതിപക്ഷ പാർട്ടികളുടെ കുറു മുന്നണി സി.പി.എം നേതൃത്വത്തിൽ ഉണ്ടാക്കിയാൽ അത് വലിയ വെല്ലുവിളിയാകുമെന്ന വിലയിരുത്തലിലാണ് കോൺഗ്രസ്സ് നേതൃത്വം.

ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം ഉണ്ടായാൽ മൂന്നാം ചേരിയെ മുൻ നിർത്തി സർക്കാർ രൂപീകരണത്തിന് സി.പി.എം ഇടപെടൽ നടത്തുമെന്ന് തന്നെയാണ് കോൺഗ്രസ്സ് നേതൃത്വം കരുതുന്നത്. അത്തരമൊരു സാഹചര്യം ഉണ്ടായാൽ മൂന്നാം ബദൽ സംവിധാനത്തെ കോൺഗ്രസ്സിനും പിന്തുണക്കേണ്ടി വരുമെന്നത് രാഹുൽ ഗാന്ധിയുടെ പ്രധാനമന്ത്രി പദമോഹത്തിനാണ് തിരിച്ചടിയാവുക. വിശാല സഖ്യമുണ്ടാക്കുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇതിനകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു.

ഹർകിഷൻ സിംഗ്‌ സുർജിത്തിനൊപ്പം മുൻപ് മൂന്നാം മുന്നണി സർക്കാറുകൾ നിലവിൽ വരാൻ പ്രവർത്തിച്ച അനുഭവസമ്പത്തിലാണ് യെച്ചൂരിയുടെ ആത്മവിശ്വാസം. ഇത് കോൺഗ്രസ്സിനെയും ബി.ജെ.പിയെയും ഒരു പോലെ ആശങ്കപ്പെടുത്തുന്ന ഘടകമാണ്. പ്രാദേശിക പാർട്ടികളുടെ സഹകരണമില്ലാതെ 2019 ൽ ആർക്കും സർക്കാർ ഉണ്ടാക്കാൻ കഴിയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെയും വിലയിരുത്തൽ.

കർഷകസമരങ്ങൾ ഉത്തരേന്ത്യൻ മണ്ണിനെ ഉഴുതുമറിച്ചത് തിരഞ്ഞെടുപ്പിൽ നേട്ടമാകുമെന്ന പ്രതീക്ഷയിൽ പ്രാദേശിക പാർട്ടികളുമായി ചേർന്ന് പരമാവധി സീറ്റുകൾ നേടുക എന്നതാണ് സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പു തന്ത്രം. കേരളത്തിൽ ശബരിമല വിഷയം തിരിച്ചടിയാകില്ലെന്നും ബി.ജെ.പി സമരത്തിൽ നിന്നും പിൻമാറിയത് ജനവികാരം എതിരാകുമെന്ന് പേടിച്ചാണെന്നും സി.പി.എം ചൂണ്ടിക്കാട്ടുന്നു.

sitaram yechury

ഭൂരിപക്ഷ സമുദായത്തിന്റെ വോട്ടുകളിൽ ചെറിയ കുറവു വന്നാൽ പോലും ന്യൂനപക്ഷ വോട്ടുകൾ കൂടുതലായി ലഭിക്കുമെന്നതിനാൽ വലിയ വിജയം കേരളത്തിൽ നേടാനാകുമെന്നാണ് പാർട്ടിയുടെ കണക്ക് കൂട്ടൽ. കേരളത്തിൽ നിന്നും പരമാവധി ലോകസഭ സീറ്റുകൾ നേടുന്നതിനൊപ്പം ഉത്തരേന്ത്യയിൽ കർഷക സമരം തുണക്കുക കൂടി ചെയ്താൽ 25 മുതൽ 30 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് സി.പി.എമ്മിന്റെ പ്രതീക്ഷ.

ആം ആദ്മി പാർട്ടി, സമാജ്‌വാദിപാർട്ടി, ബി.എസ്.പി, ജനതാദൾ എസ് , തെലങ്കുദേശം, ആർ.ജെ.ഡി, ഡി.എം.കെ, ബിജു ജനതാദൾ തുടങ്ങിയ പാർട്ടികളുമായി ദേശീയ തലത്തിൽ സഹകരിച്ച് മുന്നോട്ട് പോകാനാണ് സി.പി.എം തീരുമാനം. തമിഴകത്ത് ഡി.എം.കെ യുമായോ അല്ലങ്കിൽ നടൻ കമൽ ഹാസന്റെ മക്കൾ നീതിമയ്യവുമായോ സഹകരിക്കും. ആന്ധ്രയിൽ തെലങ്കദേശവുമായി രാഷ്ട്രീയ സഖ്യം ഇല്ലങ്കിലും ദേശീയ തലത്തിൽ മൂന്നാം ചേരിക്കൊപ്പം നിർത്തും.ഇവിടെ സൂപ്പർ സ്റ്റാർ പവൻ കല്യാണിന്റെ രാഷ്ട്രീയ പാർട്ടിയുമായാണ് സി.പി.എമ്മിന് സഖ്യമുള്ളത്.

തിരഞ്ഞെടുപ്പിൽ ഏത് മുന്നണിയുമായി ധാരണയുണ്ടാക്കിയാലും കേന്ദ്രത്തിൽ സർക്കാർ രൂപീകരണ വേളയിൽ പ്രാദേശിക പാർട്ടികൾ കളം മാറ്റി ചവിട്ടുമെന്ന മുൻകാല ചരിത്രം ബി.ജെ.പിയുടെയും കോൺഗ്രസ്സിന്റെയും ഉറക്കം കെടുത്തുന്നതാണ്. അതു കൊണ്ട് തന്നെ ഒറ്റക്ക് പരമാവധി സീറ്റു നേടുക എന്നതാണ് ഇരു പാർട്ടികളുടെയും തന്ത്രം.

അതേ സമയം പ്രാദേശിക പാർട്ടികളിൽ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ്സ് നേതാവുമായ മമത ബാനർജിയുമായി സഹകരിക്കുന്ന കാര്യത്തിൽ മാത്രമാണ് സി.പി.എമ്മിന് കടുത്ത എതിർപ്പുള്ളത്. മമത തരം കിട്ടിയാൽ ബി.ജെ.പി പാളയത്തിലേക്കും പോകുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.

മതേതര പാർട്ടികൾ ബി.ജെ.പി പാളയത്തിൽ എത്താതിരിക്കാൻ ശ്രമം നടത്തുക എന്ന ദൗത്യമാണ് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. കോൺഗ്രസ്സിനേക്കാൾ കൂടുതൽ സീറ്റ് പ്രതിപക്ഷത്തെ മറ്റു പാർട്ടികൾക്ക് ലഭിക്കുമെന്ന കണക്കുകൂട്ടലുകൾ കൂടി മുൻനിർത്തിയാണ് ഈ കരുനീക്കങ്ങൾ.

farmers rajasthan

വി.പി.സിംഗ്, ചന്ദ്രശേഖർ, ഗുജറാൾ തുടങ്ങിയവരെ പ്രധാനമന്ത്രിമാരാക്കി മൂന്നാം മുന്നണിയെ അധികാരത്തിലേറ്റുന്നതിന് പിന്നിൽ പ്രവർത്തിച്ച സീതാറാം യെച്ചൂരിയെ അപകട സിഗ്നലായാണ് ബി.ജെ.പിയും നോക്കിക്കാണുന്നത്. സി.പി.എം ഒരു സർക്കാറിന്റെയും ഭാഗമാകില്ലങ്കിലും ദേശീയ തലത്തിൽ കോൺഗ്രസ്സ് – ബി.ജെ.പി ഇതര പാർട്ടികളുടെ സർക്കാർ രൂപീകരണത്തിൽ പങ്കു വഹിക്കുക എന്നത് പാർട്ടി തീരുമാനമാണ്.

ഇടതുപക്ഷത്തിന് ഭൂരിപക്ഷം ലഭിക്കാത്ത ഒരു ഭരണ സംവിധാനത്തിന്റെയും ഭാഗമാകേണ്ടതില്ലന്നതാണ് സി.പി.എമ്മിന്റെ രാഷ്ട്രീയനയം. മുൻപ് പാർട്ടി മുൻ പൊളിറ്റ് ബ്യൂറോ അംഗം ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാക്കാനുള്ള നിർദ്ദേശം സി.പി.എം തള്ളിയതും ഈ നിലപാട് മുൻനിർത്തിയായിരുന്നു. പിന്നീട് ചരിത്രപരമായ വിഡ്ഢിത്തരമായി ഈ തീരുമാനം വ്യാഖ്യാനിക്കപ്പെട്ടെങ്കിലും പാർട്ടി നിലപാടിൽ സി.പി.എം ഇപ്പോഴും വലിയ മാറ്റം വരുത്തിയിട്ടില്ല.

Top