ലോക്‌സഭയിലെ പ്രതിഷേധം: എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

ഡൽഹി: കോൺഗ്രസ് എംപിമാരെ ലോക്‌സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിച്ചു. സ്പീക്കറുടെ നിർദേശം അനുസരിച്ച് സസ്‌പെൻഷൻ പിൻവലിച്ചതായി മന്ത്രി പ്രൾഹാദ് ജോഷിയാണ് അറിയിച്ചത്. ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, മാണിക്കം ടാഗോർ, ജോതിമണി എന്നിവയുടെ സസ്‌പെൻഷനാണ് പിൻവലിച്ചത്. സസ്‌പെൻഷൻ പിൻവലിച്ച് സർക്കാർ അവതരിപ്പിച്ച പ്രമേയം സഭ അംഗീകരിച്ചു.

പ്ലക്കാർഡുയർത്തി പ്രതിഷേധം പാടില്ലെന്നും ഇനി കടുത്ത നടപടിയുണ്ടാകുമെന്നും സ്പീക്കർ ഓം ബിർള അറിയിച്ചു. വിലക്കയറ്റമുൾപ്പെടെയുള്ള വിഷയങ്ങളും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതിനെത്തുടർന്ന് ജൂലൈ 18ന് ആരംഭിച്ച പാർലമെന്റിന്റെ വർഷകാല സമ്മേളനം സ്തംഭിച്ചിരുന്നു. എം പിമാരുടെ സസ്‌പെൻഷനെത്തുടർന്ന് ഇരുസഭകളിലും പ്രതിപക്ഷ പാർട്ടികൾ കടുത്ത പ്രതിഷേധവുമുർത്തിയിരുന്നു.

കടുത്ത മനോവ്യഥയോടെയാണ് എംപിമാരെ സസ്‌പെൻഡ് ചെയ്തതെന്ന് ബിജെപി അറിയിച്ചിരുന്നു. വിലക്കയറ്റം ചർച്ച ചെയ്യാതിരുന്നത് ധനമന്ത്രി നിർമലാ സീതാരാമന് കൊവിഡ് ആയിരുന്നതിനാലാണെന്നും ധനമന്ത്രി കൊവിഡ് മുക്തയാകുമ്പോൾ വിലക്കയറ്റത്തെ സംബന്ധിച്ച് ചർച്ച ചെയ്യാൻ ഒരുക്കമാണെന്നും ബിജെപി വിശദീകരിച്ചിരുന്നു.

Top