ദേശീയ പൗരത്വഭേദഗതി ബില്‍ അവതരിപ്പിച്ചു; അനുകൂലിച്ച് 293 അംഗങ്ങള്‍

ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധങ്ങള്‍ പുകയുമ്പോള്‍ ദേശീയ പൗരത്വഭേദഗതി ബില്‍ അമിത്ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ബില്ല് ഒരു ശതമാനം പോലും ന്യൂന പക്ഷങ്ങള്‍ക്കെതിരല്ലെന്ന് അമിത്ഷാ വ്യക്തമാക്കി. ബില്‍ അവതരണത്തെ 293 പേര്‍ അനുകൂലിക്കുകയും 82 പേര്‍ എതിര്‍ക്കുകയും ചെയ്തു. ബില്ലവതരണത്തെ ശിവസേനയും ബിജെഡിയും ടിഡിപിയും അനുകൂലിച്ചപ്പോള്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും മുസ്ലീംലീഗും ഡിഎംകെയും എന്‍സിപിയും എതിര്‍ക്കുകയായിരുന്നു.

അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിം ഒഴികെയുള്ളവര്‍ക്ക് പൗരത്വം നല്‍കുന്ന ബില്ലാണ് ഇത്.ബില്ലിന് അവതരണാനുമതി ലഭിച്ചതോടെ ഇന്ത്യന്‍ ചരിത്രത്തിലെ നിര്‍ണായ ബില്ലാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്നുവെന്നും മുസ്ലിം വിഭാഗത്തെ മാത്രം മാറ്റി നിര്‍ത്തുന്നതാണ് ബില്ലെന്നതുമാണ് പ്രതിപക്ഷം പ്രധാനമായും ഉയര്‍ത്തിയിരുന്ന വാദം.നേരത്തെ അഭയാര്‍ത്ഥികളള്‍ക്ക് രാജ്യത്ത് 11 വര്‍ഷമെങ്കിലും താമസിച്ചാല്‍ മാത്രമായിരുന്നു പൗരത്വം ലഭിക്കുക. എന്നാല്‍ ഇനി 5 വര്‍ഷം മാത്രം മതിയാകും.

ബില്ല് അവതരണസമയത്ത് കോണ്‍ഗ്രസ് ബില്ലിനെ എതിര്‍ത്തു. ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താനുള്ള ബില്ലാണെന്ന് കോണ്‍ഗ്രസ് സഭയില് പറഞ്ഞു. ബില്‍ ഭരണഘടനാ വിരുദ്ധമെന്ന് പികെ കുഞ്ഞാലിക്കുട്ടി ലോക്‌സഭയില് പറഞ്ഞു. എന്നാല് ബില് ഒരുശതമാനം പോലും ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ലെന്ന് അമിത് ഷാ മറുപടി പറഞ്ഞു.

1974ല്‍ ഇന്ദിരാഗാന്ധി ബംഗ്ലാദേശില്‍ നിന്ന് വന്നവര്‍ക്ക് മാത്രം പൗരത്വം നല്‍കിയത് എന്തിനായിരുന്നുവെന്ന് അമിത് ഷാ സഭയിലെ ചര്‍ച്ചയ്ക്കിടെ ചോദിച്ചു. അയല്‍രാജ്യങ്ങളില്‍ ഇപ്പോഴും മതന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണെന്നും അവര്‍ക്ക് അഭയം നല്‍കാനാണ് ബില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

‘രാജ്യത്തിന്റെ അതിര്‍ത്തി എവിടെയൊക്കെ എന്ന് തനിക്ക് അറിയാം. താന്‍ ഈ നാട്ടുകാരനാണ്. ജമ്മുകശ്മീരിനെ ഇന്ത്യയുടെ ഭാഗമെന്ന് അംഗീകരിക്കാത്തവരാണ് അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി രാജ്യമല്ലെന്ന് പറയുന്നത്’. രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിച്ചത് കോണ്ഗ്രസ് ആണെന്നും അമിത് ഷാ സഭയില്‍ പറഞ്ഞു.

അതേസമയം ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധമാണുയര്‍ന്നത്. ഉത്തരപൂര്‍വ്വ വിദ്യാര്‍ത്ഥി സഘടന ഈ സംസ്ഥാനങ്ങളില്‍ ആഹ്വാനം ചെയ്ത ബന്ദ് പൂര്‍ണമായിരുന്നു. മാത്രമല്ല ടയറുകള്‍ കുട്ടിയിട്ട് കത്തിച്ച് പ്രതിഷേധക്കാര്‍ ദേശീയപാതകള്‍ ഉപരോധിച്ചു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സുരക്ഷ വര്‍ധിപ്പിച്ചു.

Top