ലോക്സഭാ തിരഞ്ഞെടുപ്പ്; തിരുവനന്തപുരം സീറ്റ് ലക്ഷ്യമിട്ട് ജനതാദള്‍ സെക്യുലര്‍

തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സീറ്റ് ലക്ഷ്യമിട്ട് ജനതാദള്‍ സെക്യുലര്‍. തിരുവനന്തപുരമല്ലെങ്കില്‍ എറണാകുളത്തോ,ചാലക്കുടിയിലോ, വടകരയിലോ സീറ്റ് വേണമെന്നാണ് ജെഡിഎസ് ആവശ്യപ്പെട്ടിരിക്കുന്നത്. കോട്ടയം സീറ്റില്‍ ഇനി മല്‍സരിക്കാന്‍ പാര്‍ട്ടിക്ക് താല്‍പര്യമില്ലെന്നും ജെഡിഎസ് ദേശീയ നിര്‍വാഹകസമിതി അംഗം ജോസ് തെറ്റയില്‍ വ്യക്തമാക്കി.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനും സിപിഐയ്ക്കും പുറമേ ജെഡിഎസിന് മാത്രമാണ് ഇടതുമുന്നണി സീറ്റ് നല്‍കിയത്. ഇത്തവണയും ഒരുസീറ്റില്‍ വിട്ടുവീഴ്ചയില്ലെന്നാണ് ജെഡിഎസിന്റെ നിലപാട്. കഴിഞ്ഞതവണ മല്‍സരിച്ചുതോറ്റതിനാലാണ് കോട്ടയം സീറ്റിനുപകരം പാര്‍ട്ടിക്ക് കൂടുതല്‍ സ്വാധീനമുള്ള തിരുവനന്തപുരം, എറണാകുളം, ചാലക്കുടി, വടകര എന്നീ മണ്ഡലങ്ങളിലേതെങ്കിലും കിട്ടിയാല്‍ ഗുണകരമായിരിക്കുമെന്നാണ് ജെഡിഎസിന്റെ കണക്കുകൂട്ടല്‍. തിരുവനന്തപുരം മണ്ഡലത്തില്‍ മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാരെ മല്‍സരിപ്പിക്കാനാണ് ജെഡിഎസിന്റെ ആലോചന. നാടാര്‍ സമുദായത്തിന്റെ പിന്തുണ ലഭിച്ചാല്‍ ഇടതുമുന്നണിക്ക് വിജയിക്കാനാവുമെന്ന് ജെഡിഎസ് കണക്കുകൂട്ടുന്നു.

എറണാകുളമോ ചാലക്കുടിയോ കിട്ടിയാല്‍ മുന്‍മന്ത്രി ജോസ് തെറ്റയില്‍ സ്ഥാനാര്‍ഥിയായേക്കും. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മല്‍സരിക്കുമെന്ന് ജോസ് തെറ്റയില്‍ വ്യക്തമാക്കി.ശബരിമല വിവാദം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകില്ലെന്നും ഇടതുമുന്നണി മികച്ച വിജയം നേടുമെന്നും ജോസ് തെറ്റയില്‍ പറഞ്ഞു.

Top