ലോക്സഭ തെരെഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് കളത്തിലിറങ്ങാൻ ഒരുങ്ങി മക്കള്‍ നീതി മയ്യം

ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് കളത്തിലിറങ്ങാൻ ഒരുങ്ങി കമൽ ഹാസൻ. തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം തനിച്ച് മത്സരിക്കുമെന്നാണ് കമല്‍ഹാസന്‍ അറിയിച്ചിരിക്കുന്നത്. പുതുച്ചേരി ഉള്‍പ്പടെ നാല്‍പതോളം മണ്ഡലങ്ങളിൽ പാർട്ടി ജനവിധി തേടുമെന്നും കമൽ ഹാസൻ കൂട്ടിച്ചേർത്തു. കോണ്‍ഗ്രസ് സഖ്യവുമായി കൈകോര്‍ത്തേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളിയാണ് പാര്‍ട്ടി നിലപാട് കമല്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഫെബ്രുവരി 21ലെ പാര്‍ട്ടി പ്രഖ്യാപനം മുതല്‍ നിലനിന്ന അഭ്യൂഹങ്ങള്‍ക്ക് ഇതോടെ വിരാമായി. ഡിഎംകെ, അണ്ണാഡിഎംകെ, കോണ്‍ഗ്രസ് എന്നീ പാർട്ടികളുമായൊന്നും കൈകോര്‍ക്കാന്‍ മക്കള്‍ നീതി മയ്യം തീരുമാനിച്ചിട്ടില്ലെന്നും കമൽ കൂട്ടിച്ചേർത്തു.

പുതുച്ചേരിയിലെ ഒരു മണ്ഡലം കൂടാതെ തമിഴ്നാട്ടിലെ 39 സീറ്റുകളിലും നാല്‍പത് വയസ്സില്‍ താഴെയുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കുമെന്നാണ് കമൽഹാസൻ പറയുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അന്തിമ ഘട്ടത്തിലാണ്.

യുവാക്കള്‍ക്ക് അവസരം നല്‍കുമ്പോള്‍ 63 വയസ്സ് പിന്നിടുന്ന കമല്‍ഹാസന്‍ മത്സരരംഗത്ത് ഉണ്ടാകുമോ എന്ന കാര്യത്തില്‍ പാര്‍ട്ടി വ്യക്തത വരുത്തിയിട്ടില്ല. തന്‍റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിയുടെ ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്ത് പ്രഖ്യാപിക്കുമെന്നാണ് കമല്‍ഹാസന്‍റെ നിലപാട്.

Top