പിണറായി സര്‍ക്കാരിന് അഗ്നിപരീക്ഷണമായി ആറു മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ പിണറായി സര്‍ക്കാരിനെ കാത്തിരിക്കുന്നത് ആറ് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ്. ലോക്‌സഭയില്‍ 20സീറ്റില്‍ കേവലം ഒറ്റ സീറ്റ് മാത്രം നേടിയ സി.പി.എമ്മിന് മുഖം രക്ഷിക്കണമെങ്കില്‍ ഉപതെരഞ്ഞെടുപ്പുകളില്‍ വിജയിച്ചേ മതിയാകൂ. ആറു മാസത്തിനകം തന്നെ ഉപതെരഞ്ഞെടുപ്പുണ്ടാകും.

വടകരയില്‍ കെ. മുരളീധരന്‍ വിജയിച്ചതോടെ വട്ടിയൂര്‍ക്കാവ്, ആറ്റിങ്ങലില്‍ അടൂര്‍പ്രകാശ് വിജയിച്ചതോടെ കോന്നിയിലും എറണാകുളത്ത് ഹൈബി ഈഡന്റെ വിജയത്തോടെ എറണാകുളം മണ്ഡലത്തിലും ആലപ്പുഴയില്‍ ആരിഫിന്റെ വിജയത്തോടെ അരൂര്‍ മണ്ഡലത്തിലുമാണ് ഉപതെരഞ്ഞെടുപ്പുണ്ടാകുക. കെ.എം മാണിയുടെ നിര്യാണത്തോടെ പാലായിലും പി.ബി അബ്ദുല്‍റസാഖിന്റെ നിര്യാണത്തോടെ മഞ്ചേശ്വരത്തും ഉപതെരഞ്ഞെടുപ്പുണ്ടാകും.

ആറു മണ്ഡലങ്ങളില്‍ അരൂര്‍ മാത്രമാണ് സി.പി.എമ്മിന്റെ സിറ്റിങ് സീറ്റ് .ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അരൂരില്‍ സി.പി.എം പിന്നോക്കം പോയത് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. വട്ടിയൂര്‍ക്കാവും മഞ്ചേശ്വരവും ബി.ജെ.പി ശക്തമാണ്. മഞ്ചേശ്വരത്ത് ലീഗിലെ അബ്ദുല്‍റസാഖിനോട് കേവലം 89 വോട്ടുകള്‍ക്കാണ് ബി.ജെ.പിയിലെ കെ. സുരേന്ദ്രന്‍ പരാജയപ്പെട്ടത്. വിദേശത്തുള്ളവരുടെ കള്ളവോട്ടു ചെയ്താണ് റസാഖ് ജയിച്ചതെന്ന തെരഞ്ഞെടുപ്പ് കേസ് റസാഖിന്റെ നിര്യാണത്തോടെ സുരേന്ദ്രന്‍ പിന്‍വലിച്ചിട്ടുണ്ട്.

ഇതോടെ മഞ്ചേശ്വരത്തും ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ മികച്ച മത്സരം കാഴ്ചവെച്ച സുരേന്ദ്രന് മഞ്ചേശ്വരത്ത് അവസരം ലഭിച്ചാല്‍ കനത്ത മത്സരമായിരിക്കും നടക്കുക. ഉപതെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ സ്വന്തമാക്കിയില്ലെങ്കില്‍ പിണറായി സര്‍ക്കാരിന് അത് കനത്ത തിരിച്ചടിയാകും. സര്‍ക്കാരിന്റെ വിലയിരുത്തലാകും ഉപതെരഞ്ഞെടുപ്പ്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത് രണ്ടുവര്‍ഷത്തിനിടെ നടന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മൂന്നിരട്ടി വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി.പി.എം വിജയിച്ചത്.

യു.ഡി.എഫ് അനുകൂല സ്വഭാവമുള്ള ചെങ്ങന്നൂരില്‍ സി.പി.എം ജില്ലാ സെക്രട്ടറിയായിരു സജി ചെറിയാന്‍ 2016ല്‍ ലഭിച്ചതിന്റെ മൂന്നിരട്ടി ഭൂരിപക്ഷവുമായി 20,956 വോട്ടിനാണ് വിജയിച്ചത്. ക്രിസത്യന്‍ ന്യൂനപക്ഷ വോട്ടുകള്‍ കൂട്ടത്തോടെ സി.പി.എമ്മിലേക്ക് മറിയുകയായിരുന്നു. 12 വര്‍ഷം ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയാതിരുന്ന പേരുദോഷം സി.പി.എം മാറ്റിയത് ചെങ്ങന്നൂരില്‍ സജി ചെറിയാന്റെ വിജയത്തോടെയാണ്.

2009തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എം.എല്‍.എമാരെ മത്സരിപ്പിച്ച് കോണ്‍ഗ്രസ് പാര്‍ലമെന്റിലേക്കയച്ചതോടെയാണ് കണ്ണൂരിലും ആലപ്പുഴയിലും എറണാകുളത്തും ഉപതെരഞ്ഞെടുപ്പുണ്ടായത്. കണ്ണൂരില്‍ കെസുധാകരന്റെ സീറ്റ് എ.പി അബ്ദുല്ലക്കുട്ടിയും ആലപ്പുഴയില്‍ കെ.സി വേണുഗോപാലിന്റെ മണ്ഡലം എ.എ ഷുക്കൂറും എറണാകുളത്ത് കെ.വി തോമസിന്റെ മണ്ഡലം ഡൊമനിക് പ്രസന്റേഷനും കോണ്‍ഗ്രസിനായി നിലനിര്‍ത്തി.

ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ മന്ത്രിയായിരുന്ന ടി.എം ജേക്കബിന്റെ ആകസ്മിക നിര്യാണത്തെതുടര്‍ന്ന് 2012ല്‍ പിറവത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബ് വിജയിച്ചു. നെയ്യാറ്റിന്‍കരയില്‍ സി.പി.എം എം.എല്‍.എ ആര്‍. സെല്‍വരാജ് എം.എല്‍.എ സ്ഥാനം രാജിവെച്ച് നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയായിരുന്നു. സി.പി.എമ്മിന് അഭിമാനപോരാട്ടമായിരുന്ന നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ സെല്‍വരാജ് കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിക്കുകയായിരുന്നു.

സ്പീക്കറായിരുന്ന ജി. കാര്‍ത്തികേയന്റെ നിര്യാണത്തോടെ അരുവിക്കരയില്‍ 2015ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ എം. വിജയകുമാറിനെ പരാജയപ്പെടുത്തി കാര്‍ത്തികേയന്റെ മകന്‍ ശബരീനാഥന്‍ വിജയം നേടി. ഇ. അഹമ്മദിന്റെ നിര്യാണത്തെതുടര്‍ന്ന് മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്ക് പി.കെ കുഞ്ഞാലിക്കുട്ടി മത്സരിച്ചതോടെ വേങ്ങരയിലെ ഉപതെരഞ്ഞെടുപ്പില്‍ ലീഗിലെ കെ.എന്‍.എ ഖാദറും വിജയിച്ചു. ലോക്‌സഭാതെരഞ്ഞെടുപ്പിലെ കനത്തതോല്‍വിയുടെ അപമാനഭാരം മാറണമെങ്കില്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വിജയം അനിവാര്യമാണ്.

Top