കണ്ണൂർ പുതിയങ്ങാടി കള്ളവോട്ട് ചെയ്ത മൂന്ന് ലീഗ് പ്രവർത്തകർക്കെതിരെ കേസ്

കണ്ണൂര്‍: കണ്ണൂർ പുതിയങ്ങാടി കള്ളവോട്ട് ചെയ്ത മൂന്ന് ലീഗ് പ്രവർത്തകർക്കെതിരെ കേസെടുത്തു. എസ്.വി.മുഹമ്മദ് ഫായിസ്, അബ്ദുൽ സമദ്, കെ.എം.മുഹമ്മദ് എന്നിവർക്കെതിരെയാണ് പഴയങ്ങാടി പൊലീസ് കേസ് എടുത്തത്. കലക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്ത്യൻ ശിക്ഷാ നിയമം 171 സി, ഡി, എഫ്, വകുപ്പുകൾ പ്രകാരമാണ് കേസ്. ഗൾഫിലുള്ള അബ്ദുൽ സമദിനെതിരെ കലക്ടർ അറസ്റ്റ് വാറണ്ടിനും ഉത്തരവിട്ടുണ്ട്.

മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പുതിയങ്ങാടി ജമാഅത്ത് ഹൈസ്കൂളിലെ രണ്ട് ബൂത്തുകളിലായാണ് കള്ളവോട്ട് നടന്നത്. സിപിഎമ്മാണ് ദൃശ്യങ്ങൾ സഹിതം പുതിയങ്ങാടിയിൽ കള്ളവോട്ടാരോപണം ഉന്നയിച്ചത്.

അതേസമയം പുതിയങ്ങാടിയിലെ കള്ളവോട്ട് ആരോപണത്തിൽ വിശദീകരണവുമായി മുസ്ലിം ലീഗ് രംഗത്തെത്തിയിരുന്നു. 69, 70 ബൂത്തുകളി കള്ളവോട്ട് നടന്നിട്ടില്ല. ദൃശ്യങ്ങളിൽ ഉള്ള ആഷിക് ചെയ്തത് കള്ള വോട്ടല്ല. ഐഡന്റിറ്റി കാര്‍ഡ് മറന്നതിനാൽ ബൂത്തിൽ നിന്നു ഇറങ്ങുന്നതും തിരികെ വന്നു വോട്ട് ചെയ്യുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളതെന്നായിരുന്നു വിശദീകരണം. 2 ബൂത്തുകളിൽ വോട്ട് ചെയ്യുന്നതായി മറ്റൊരു ദൃശ്യത്തിൽ ഉള്ള മുഹമ്മദ് ഫായിസ് ലീഗ് പ്രവർത്തകൻ അല്ല. ഇയാൾ ഇടത് അനുഭാവി ആണെന്നും ലീഗ് വിശദീകരിക്കുന്നു.

Top