ലോക്പാലിന്റെ ആദ്യ അധ്യക്ഷനായി ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷിനെ നിയമിക്കും

ന്യൂഡൽഹി: അഴിമതി വിരുദ്ധ ഓംബുഡ്സ്മാനായ ലോക്പാലിന്റെ ആദ്യ അധ്യക്ഷനായി ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷിനെ (പി.സി ഘോഷ്) നിയമിച്ചേക്കും.സുപ്രീം കോടതി മുൻ ജസ്റ്റിസ് കൂടിയായ പിസി ഘോഷ് ആദ്യ ലോക്പാലാണ്. അധ്യക്ഷനായി നിയമിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസം തന്നെ നടന്നേക്കും.

2017 ൽ സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് നിലവിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗം കൂടിയാണ്. കൂടാതെ ആന്ധ്രപ്രദേശ്, കൊൽക്കത്ത ഹൈക്കോടതികളിലും ചീഫ് ജസ്റ്റിസായിരുന്നിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ, മുൻ അറ്റോർണി ജനറൽ മുകുൾ റോഹ്ത്തഗി എന്നിവരടങ്ങിയ സമിതിയാണ് ലോക്പാലിനെ തിരഞ്ഞെടുത്തത്. ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്തും സർക്കാർ തലപ്പത്തും ഉണ്ടാകുന്ന അഴിമതി ഇല്ലാതാക്കാൻ ഉദ്ദേശിച്ച് നടപ്പിലാക്കുന്ന സംവിധാനമാണ് ലോക്പാൽ.

Top