ആദ്യ ലോക്പാലായി മുന്‍ സുപ്രീംകോടതി ജസ്റ്റിസ് പി.സി. ഘോഷ് ചുമതലയേറ്റു

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യ ലോക്പാലായി മുന്‍ സുപ്രീംകോടതി ജസ്റ്റിസ് പി.സി. ഘോഷ് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപരാഷ്ട്രപതി വെങ്കയ്യനായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

2017 ലാണ് 66കാരനായ ജസ്റ്റിസ് ഘോഷ് സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ചത്. അന്ന് മുതല്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അംഗമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.

2013ല്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്ത് കോമണ്‍വെല്‍ത്ത് ഗെയിംസ്, കല്‍ക്കരിപ്പാടം അനുവദിക്കല്‍, 2ജി എന്നിവയുമായി ബന്ധപ്പെട്ട അഴിമതികളുണ്ടായപ്പോള്‍ അണ്ണ ഹസാരെയുടെ നേതൃത്വത്തില്‍ ലോക്പാല്‍ നിയമം ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു.

ഇതിനു പിന്നാലെ 2014ല്‍ ലോക്പാല്‍ നിയമം നിലവില്‍ വന്നെങ്കിലും ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവില്ലെന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി നിയമന നടപടികള്‍ വൈകിപ്പിക്കുകയായിരുന്നു. ഒടുവില്‍ സുപ്രീം കോടതിയുടെ ശക്തമായ ഇടപെടലാണ് സര്‍ക്കാരിന്റെ കാലാവധി തീരും മുമ്പേയുള്ള നിയമനത്തിലേക്കു നയിച്ചത്.

Top