സംസ്ഥാന പോലീസ് മേധാവിയായി വീണ്ടും ബെഹ്‌റ, ഇന്ന് ചുമതലയേല്‍ക്കും

loknath-behra

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി ലോക്‌നാഥ് ബെഹ്‌റ ഇന്ന് ചുമതലയേല്‍ക്കും.

ടി.പി. സെന്‍കുമാറന്റെ ഒഴിവിലേക്കാണ് ബെഹ്‌റ വരുന്നത്. ബെഹ്‌റയെ സംസ്ഥാന പോലീസ് മേധാവിയായി വീണ്ടും നിയമിക്കാന്‍ മന്ത്രിസഭാ യോഗം കഴിഞ്ഞദിവസം തീരുമാനമെടുത്തിരുന്നു. ഇപ്പോള്‍ വിജിലന്‍സ് ഡയറക്ടറായ ലോക്‌നാഥ് ബെഹ്‌റ ആ ചുമതലയും തുടര്‍ന്നു വഹിക്കും. സര്‍വീസിലെ സീനിയറായ ജേക്കബ് തോമസിനെ മറികടന്നാണു ബെഹ്‌റ പോലീസ് മേധാവിയാകുന്നത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 2016 മേയ് 31നു ടി.പി. സെന്‍കുമാറിനെ പുറത്താക്കി ലോക്‌നാഥ് ബെഹ്‌റയെ സംസ്ഥാന പോലീസ് മേധാവിയായി നിയമിച്ചിരുന്നു. ഇതിനെ ചോദ്യംചെയ്തു സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സംസ്ഥാന പോലീസ് മേധാവിയായി അദ്ദേഹത്തെ നിയമിക്കാന്‍ സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു.

മാസങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ഈ വര്‍ഷം മേയ് ആറിനു സെന്‍കുമാര്‍ പോലീസ് മേധാവിയായി ചുമതലയേറ്റതോടെ ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചു. വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ആ ചുമതലയും ബെഹ്‌റ വഹിച്ചുവരികയായിരുന്നു.

ഒഡീഷ സ്വദേശിയായ ബെഹ്‌റ 55 ദിവസത്തെ ഇടവേളയ്ക്കു ശേഷമാണു സംസ്ഥാന പോലീസ് മേധാവിയുടെ കസേരയില്‍ മടങ്ങിയെത്തുന്നത്. കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായി 1985-ല്‍ സര്‍വീസില്‍ പ്രവേശിച്ച അദ്ദേഹത്തിന് ആലപ്പുഴ എഎസ്പിയായിട്ടായിരുന്നു ആദ്യ നിയമനം. തിരുവനന്തപുരം സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍, കൊച്ചി പോലീസ് കമ്മീഷണര്‍ തുടങ്ങിയ തസ്തികകളില്‍ സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് 10 വര്‍ഷം സിബിഐയില്‍ എസ്പി, ഡിഐജി തസ്തികകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Top