ലാത്തിച്ചാര്‍ജില്‍ പൊലീസുകാര്‍ക്കെതിരെ നടപടിയില്ല; പ്രതികരണവുമായി എല്‍ദോ എബ്രഹാം

കൊച്ചി: സിപിഐയുടെ കൊച്ചി ഐജി ഓഫീസ് മാര്‍ച്ചിന് നേര്‍ക്ക് ലാത്തിച്ചാര്‍ജ് നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കേണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞതില്‍ പ്രതികരണവുമായി എല്‍ദോ എബ്രഹാം എംഎല്‍എയും പി രാജുവും.

സര്‍ക്കാരിന്റെ തീരുമാനം വന്നതിന് ശേഷം പ്രതികരിക്കുമെന്ന് പി രാജു പറഞ്ഞു. റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ അറിയില്ലെന്നും ഗവണ്‍മെന്റ് തീരുമാനത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും എല്‍ദോ എബ്രഹാം എംഎല്‍എയും വ്യക്തമാക്കി. മുഖ്യമന്ത്രി എന്ത് നിലപാട് സ്വീകരിക്കുമെന്ന കാര്യം അറിയില്ല. യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുള്ള റിപ്പോര്‍ട്ടായിരിക്കും കളക്ടര്‍ സമര്‍പ്പിക്കുക എന്ന് പ്രതീക്ഷിക്കുന്നു, അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയെങ്കിലും കളക്ടറുടെ റിപ്പോര്‍ട്ടില്‍ പൊലീസിന്റെ പിഴവുകള്‍ എടുത്തു പറയുന്നില്ലെന്നാണ് ഡിജിപി വ്യക്തമാക്കുന്നത്. സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഡിജിപി ഇക്കാര്യം വ്യക്തമാക്കിയത്.

ഞാറയ്ക്കല്‍ സിഐയെ സസ്‌പെന്റ് ചെയ്യണമെന്ന ആവശ്യമുന്നയിച്ച് സിപിഐ പ്രവര്‍ത്തകര്‍ ഐജിയുടെ ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തിയതിനെ തുടര്‍ന്ന് മാര്‍ച്ചിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തിരുന്നു.

Top