വിവാദങ്ങള്‍ക്കിടയിലും ബെഹ്‌റയ്ക്ക് വിദേശയാത്രക്ക് അനുമതി

തിരുവനന്തപുരം: തലസ്ഥാനത്തെ ആംഡ് പൊലീസ് ആസ്ഥാനത്ത് നിന്നും തോക്കുകളും വെടിയുണ്ടകളും കാണാതെ പോയ സിഎജി റിപ്പോര്‍ട്ടിനെ ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്കിടയിലും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്ക് വിദേശയാത്ര പോകാന്‍ സര്‍ക്കാര്‍ അനുമതി. അടുത്തമാസം മൂന്നുമുതല്‍ അഞ്ച് വരെ ബ്രിട്ടനില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് അനുമതി. യാത്രച്ചെലവ് ഉള്‍പ്പെടെ കാര്യങ്ങള്‍ സര്‍ക്കാര്‍ വഹിക്കും. ബ്രിട്ടീഷ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന സുരക്ഷ സെമിനാറില്‍ പങ്കെടുക്കാനാണ് ഡി.ജി.പി പോകുന്നതെന്നാണ് അനുമതി നല്‍കിയ ഉത്തരവില്‍ പറയുന്നത്.

പൊലീസ് സേനയിലെ പാളിച്ചകള്‍ അക്കമിട്ട് സി.എ.ജി വിശദീകരിക്കുകയും വിവാദമായി കത്തിനില്‍ക്കവെയുമാണ് ഡി.ജി.പിക്ക് വിദേശയാത്ര അനുമതി നല്‍കിയ ഉത്തരവ് പുറത്തിറങ്ങിയതും. ഡി.ജി.പിയുടെ പേരെടുത്ത് പറഞ്ഞാണ് സി.എ.ജി വാര്‍ത്തസമ്മേളനം നടത്തിയത്. നിരവധി ഗുരുതരവീഴ്ചകള്‍ ഡി.ജി.പിക്കെതിരെ ഉന്നയിച്ചിട്ടുമുണ്ട്. എന്നാല്‍ ആരോപണങ്ങളോടൊന്നും ബെഹ്‌റ പ്രതികരിച്ചിട്ടില്ല. രാവിലെ സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി ബെഹ്‌റ കൂടിക്കാഴ്ച നടത്തി. വിവാദങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു സന്ദര്‍ശനം എന്നാണ് വിവരം.

Top