സെബര്‍ ലോകത്ത് വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കണമെന്ന് സംസ്ഥാന പോലീസ് മേധാവി

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടേയും കുട്ടികളുടേയും സുരക്ഷയ്ക്ക് സൈബര്‍ ലോകത്ത് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ പറഞ്ഞു. ഡിജിറ്റല്‍ ലോകത്ത് ലഭ്യമായ വിവരങ്ങളില്‍ ഏതാണ് സ്വീകരിക്കേണ്ടത് എന്ന വിവേചനാധികാരം കുട്ടികള്‍ തന്നെ വിനിയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും അവബോധം നല്‍കുന്നതിന് കേരളാ പോലീസും സൈബര്‍ ഡോമും സംയുക്തമായി സംഘടിപ്പിച്ച കിഡ് ഗ്ലൗവ് എന്ന ബോധവല്‍കരണപരിപാടി നിര്‍മ്മലാ ഭവന്‍ സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിവിധ സ്‌കൂളുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അഞ്ചു കുട്ടികള്‍ വീതമാണ് പരിപാടിയില്‍ പങ്കെടുത്തത്. ഈ കുട്ടികള്‍ തങ്ങളുടെ സ്‌കൂളിലെ മറ്റ് കുട്ടികള്‍ക്ക് സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള പാഠങ്ങള്‍ പകര്‍ന്നു നല്‍കണമെന്ന് സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.


ലോകം ഇന്ന് ഡിജിറ്റല്‍ വിപ്ലവത്തിലാണെന്നും അത് കൂടുതല്‍ ബാധിക്കുന്നത് വിദ്യാര്‍ത്ഥികളെയാണെന്നും ചടങ്ങില്‍ സംസാരിച്ച എ.ഡി.ജി.പിയും സൈബര്‍ ഡോം നോഡല്‍ ഓഫീസറുമായ മനോജ് എബ്രഹാം പറഞ്ഞു. ഡിജിറ്റല്‍ രംഗത്ത് ലോകത്തില്‍ എന്ത് സംഭവം ഉണ്ടായാല്‍ പോലും വളരെ വേഗത്തില്‍ നമ്മുടെ കുട്ടികളെ വരെ ബാധിക്കുന്നു. ആ ഘട്ടത്തില്‍ അവരുടെ സംരക്ഷണത്തിന് കേരളാ പോലീസ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

സൈബര്‍ സുരക്ഷയെക്കുറിച്ച് അവബോധം നല്‍കുന്നതിനായി കേരളാ പോലീസ് തയ്യാറാക്കിയ കൈപ്പുസ്തകം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ.മേഴ്‌സി കുന്നത്തുപുരയിടത്തിന് നല്‍കി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ പ്രകാശനം ചെയ്തു. കേരള സര്‍വ്വകലാശാല കംപ്യൂട്ടേഷണല്‍ ബയോളജി ആന്റ് ബയോ-ഇന്‍ഫര്‍മാറ്റിക്‌സ് വിഭാഗം മേധാവി ഡോ.അച്യുത് ശങ്കര്‍ എസ്. നായര്‍, അലയന്‍സ് ടെക്‌നോളജി ഐ.റ്റി മേധാവി പുഷ്‌കര്‍ ശിരോല്‍ക്കര്‍, കോശി സാമുവല്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ സൈബര്‍ സുരക്ഷാവിഷയങ്ങളെക്കുറിച്ചുള്ള ശില്‍പ്പശാലകളും നടന്നു. നഗരത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി 500ലേറെ കുട്ടികളാണ് പരിപാടിയില്‍ പങ്കെടുത്തത്.

Top