പൊലീസിലെ പോസ്റ്റല്‍ വോട്ടുകളില്‍ ക്രമക്കേട്; ഇന്റലിജന്‍സ് മേധാവി അന്വേഷിക്കുമെന്ന് ഡിജിപി

bahra

തിരുവനന്തപുരം: പൊലീസിലെ പോസ്റ്റല്‍ വോട്ടുകളില്‍ ക്രമക്കേട് നടന്നെന്ന റിപ്പോര്‍ട്ടിനോട് പ്രതികരിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.

പോസ്റ്റല്‍ വോട്ട് ശേഖരിക്കുന്നത് നിയമലംഘനമാണെന്നും ക്രമക്കേടിനെ കുറിച്ച് ഇന്റലിജന്‍സ് മേധാവി അന്വേഷിക്കുമെന്നും ബെഹ്‌റ പറഞ്ഞു. പോസ്റ്റല്‍ വോട്ടുകളില്‍ ഇടപെടരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ക്രമക്കേട് കണ്ടെത്തിയാല്‍ നടപടിയുണ്ടാകും, ബെഹ്‌റ വ്യക്തമാക്കി.

പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റിലും അട്ടിമറി നടന്നതായി ആരോപണം ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി പോകുന്ന പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ പൊലീസിലെ ഇടത് അനുകൂലികള്‍ കൂട്ടത്തോടെ വാങ്ങി കളളവോട്ട് ചെയ്തതായാണ് പരാതി.

അസോസിയേഷന്‍ നിര്‍ദ്ദേശം അനുസരിച്ച് ഒന്നിലേറെ പോസ്റ്റല്‍ ബാലറ്റുകള്‍ കൈപ്പറ്റിയെന്നാണ് തിരുവനന്തപുരം വട്ടപ്പാറ സ്വദേശിയായ പൊലീസുകാരന്‍ പറഞ്ഞത്. പത്മനാഭസ്വാമിക്ഷേത്രത്തില്‍ ഡ്യൂട്ടിയുള്ള പൊലീസ് കമാന്‍ഡോകള്‍ക്ക് കിട്ടിയ ഒരു സഹപ്രവര്‍ത്തന്റെ ഓഡിയോ സന്ദേശമാണ് ഇത്തരത്തിലൊരു അന്വേഷണത്തിലേക്ക് നയിച്ചത്.

Top