ലോക്‌നാഥ് ബെഹ്‌റയുടെ പൊലീസ് മേധാവി സ്ഥാനം; പ്രതികരണവുമായി ജേക്കബ് തോമസ്

തിരുവനന്തപുരം: പരീക്ഷയില്‍ കുറച്ച് മാര്‍ക്ക് അധികം വാങ്ങി റാങ്ക് ലിസ്റ്റില്‍ മുന്നില്‍ വരുന്നതാണ് സീനിയോറിറ്റിയുടെ അടിസ്ഥാനമെന്നും അതില്‍ വലിയ കാര്യമൊന്നുമില്ലെന്നും ജേക്കബ് തോമസ്.

ഐ.എം.ജി ഡയറക്ടര്‍ എന്നത് മികച്ച സ്ഥാനം തന്നെയാണ്. ഒരുപാട് കാര്യങ്ങള്‍ അതില്‍ ചെയ്യാനുണ്ടെ ന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ കണ്ടതില്‍ അസ്വാഭാവികത ഒന്നുമില്ലെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.

ലോക്‌നാഥ് ബെഹ്‌റയെ പോലീസ് മേധാവിയായി നിയമിച്ച് കൊണ്ടുള്ള മന്ത്രിസഭാ തീരുമാനം വന്നതിന് ശേഷം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ജൂണ്‍ 19 നാണ് അവധിയില്‍ നിന്ന് തിരിച്ചെത്തിയ ജേക്കബ് തോമസിനെ ഐ.എം.ജി ഡയറക്ടറായി സര്‍ക്കാര്‍ നിയമിച്ചത്. അന്നുതന്നെ അദ്ദേഹം ചുമതല ഏറ്റെടുക്കുകയും ചെയ്തിരുന്നു.

പൊലീസ് മേധാവി സ്ഥാനത്തുനിന്ന് ജൂണ്‍ 30 ന് ടിപി സെന്‍കുമാര്‍ വിരമിക്കുന്ന സാഹചര്യത്തിലാണ് ലോക്‌നാഥ് ബെഹ്‌റയെ തത്സ്ഥാനത്ത് നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

സീനിയോറിറ്റി മാനദണ്ഡമാക്കുകയാണെങ്കില്‍ ജേക്കബ് തോമസ് ആയിരുന്നു പൊലീസ് മേധാവി ആകേണ്ടിയിരുന്നത്.

Top