Loknath Behera replaces T.P Senkumar as Kerala police chie

തിരുവനന്തപുരം:പൊലീസ് തലപ്പത്തെ അഴിച്ചുപണിയില്‍ ഡിജിപി സെന്‍കുമാറിന് അതൃപ്തി ഉണ്ടെന്ന വാര്‍ത്തയെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് ലോക്‌നാഥ് ബെഹ്‌റ.

സര്‍ക്കാര്‍ ഉത്തരവ് അനുസരിക്കുക മാത്രമാണ് തന്റെ ജോലി. ഡിജിപി സ്ഥാനത്തിനു വേണ്ടി ആരുടെയും പിറകെ പോയിട്ടില്ലെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

പൊലീസ് തലപ്പത്തെ അഴിച്ചുപണിയില്‍ സെന്‍കുമാറിന് അതൃപ്തിയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയ ഉത്തരവ് കിട്ടിയശേഷം പ്രതികരിക്കാമെന്നാണ് ടി പി സെന്‍കുമാര്‍ പറഞ്ഞു.

പൊലീസിന്റെ ഹൗസിങ്ങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ മേധാവി ആയിട്ടാണ് സെന്‍കുമാറിനെ പുതുതായി നിയമിച്ചിട്ടുളളത്.

വിരമിക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കിയുള്ളപ്പോഴാണ് പൊലീസ് മേധാവിയുടെ സ്ഥാനത്ത് നിന്നും സെന്‍കുമാറിനെ മാറ്റുന്നത്.

സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് നിന്നും നീക്കി പകരം ഫയര്‍ ഫോഴ്‌സ് മേധാവിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയെ ക്രമസമാധാന ചുമതലയുള്ള ഡിജിപി ആയി നിയമിക്കുകയായിരുന്നു.

വിജിലന്‍സ് ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഡിയെ മാറ്റി ജേക്കബ് തോമസാണ് പുതിയ വിജിലന്‍സ് ഡയറക്ടര്‍. ഇത് സംബന്ധിച്ച ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ചു.

തീരുമാനങ്ങളില്‍ ചീഫ് സെക്രട്ടറിയുടെ വിശദമായ റിപ്പോര്‍ട്ട് ഇന്ന് പുറത്തിറങ്ങുമെന്നാണ് സൂചന.

Top