മലയാളികള്‍ ആഗ്രഹിക്കുന്നത് കുറ്റകൃത്യങ്ങളില്ലാത്ത അന്തരീക്ഷത്തില്‍ ജീവിക്കാന്‍: ഡിജിപി

കോഴിക്കോട് രാജ്യത്ത് ഏറ്റവുമധികം ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതും ഏറ്റവുമധികം കേസുകള്‍ കണ്ടെത്തപ്പെടുന്നതും കേരളത്തിലാണെന്ന് ഡിജിപി ലോകനാഥ് ബെഹ്‌റ. കേരളത്തില്‍ ഒരു വര്‍ഷം രജിസ്റ്റര്‍ ചെയ്യുന്നത് ഏഴു ലക്ഷം കേസുകളാണ്. എന്നാല്‍ കേരളത്തിലെ കുറ്റകൃത്യങ്ങളുടെ എണ്ണം കൂടിയതുകൊണ്ടല്ല കേസുകള്‍ കൂടുന്നത്, മറിച്ച് ചെറിയ സംഭവങ്ങളിലാണെങ്കില്‍ കൂടിയും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന തിരിച്ചറിവ് മലയാളികള്‍ക്കുണ്ട്. അതാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം കൂടാന്‍ കാരണമെന്നും ബഹ്‌റ പറഞ്ഞു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ക്രൈം സാഹിത്യ രംഗത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ കുറ്റകൃത്യങ്ങളില്‍ പകുതിപോലും കേസ് റജിസ്റ്റര്‍ ചെയ്യുന്നില്ല. പൊലീസ് സ്റ്റേഷനില്‍ വരുന്നവരെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുന്ന സംഭവങ്ങള്‍ പോലുമുണ്ടെന്നും ബഹ്‌റ പറഞ്ഞു.കേരളത്തില്‍ 92% കേസുകളും അന്വേഷിച്ച് തീര്‍പ്പാക്കുന്നുണ്ടെന്നും ബെഹ്‌റ കൂട്ടിച്ചേര്‍ത്തു. കുറ്റകൃത്യങ്ങളില്ലാത്ത അന്തരീക്ഷത്തില്‍ ജീവിക്കാനാണ് മലയാളികള്‍ ആഗ്രഹിക്കുന്നതെന്നും ലോകനാഥ് ബെഹ്‌റ പറഞ്ഞു.

ഒരു കുറ്റകൃത്യം അന്വേഷിക്കുമ്പോള്‍ അടുത്തത് എന്ത് സംഭവിക്കുമെന്നറിയാതെ പലപ്പോഴും ഊഹാപോഹങ്ങളിലൂടെയാണ് ഓരോ കേസന്വേഷണവും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ മുന്നോട്ട് കൊണ്ടു പോകുന്നത്.അതുകൊണ്ടുതന്നെ കേസന്വേഷണം വിരസമാവുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇതേസംഭവം എഴുത്തുകാരന്‍ കുറ്റാന്വേഷണ നോവലായോ സിനിമയായോ മാറ്റുമ്പോള്‍ കുറ്റാന്വേഷകന്റെ മനസും കുറ്റവാളിയുടെ മനസും അവതരിപ്പിക്കും. കാണികളെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍നിര്‍ത്തുന്ന കേസായി നോവലിലും സിനിമയിലും അനുഭവിക്കുന്ന സംഭവങ്ങള്‍ പലപ്പോഴും യഥാര്‍ഥത്തില്‍ അന്വേഷിച്ച പൊലീസുകാര്‍ക്ക് ഏറെ വിരസമായിരുന്നിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ അന്വേഷിച്ചു കണ്ടെത്തിയ ലക്‌നൗവിലെ മധുമിത ശുക്ല കൊലപാതകക്കേസ് ഫോക്‌സ് ടെലിവിഷന്‍ 10 മികച്ച കുറ്റാന്വേഷണ കേസുകളിലൊന്നായി അവതരിപ്പിച്ചിരുന്നു. ഇതേസംഭവത്തെ ആസ്പദമാക്കി 11 സിനിമകളും വന്നിട്ടുണ്ട്. പലപ്പോഴും ക്രൈംഫിക്ഷനാണ് യഥാര്‍ഥ കുറ്റാന്വേഷണത്തേക്കാള്‍ മികച്ചതെന്ന് ഇവ കാണുമ്പോള്‍ തോന്നിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top