‘വിജയ് ആയിരിക്കുക അത്ര എളുപ്പമല്ല’; ദളപതിയെ പിന്തുണച്ച് ലോകേഷ് കനകരാജും ആരാധകരും

ളപതി വിജയ്ക്കെതിരെയുണ്ടായ കോടതി നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തി ആരാധകരും സഹപ്രവര്‍ത്തകരും. ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത റോള്‍സ് റോയ്സ് കാറിന്റെ പ്രവേശന നികുതിക്ക് ഇളവ് ആവശ്യപ്പെട്ട് വിജയ് സമര്‍പ്പിച്ച ഹര്‍ജിയില്‍ മദ്രാസ് കോടതി പിഴ ചുമത്തിയതിന് എതിരെയാണ് ട്വിറ്ററില്‍ പ്രതിഷേധം.

ബീങ് വിജയ് ഇസ് നോട്ട് ഈസി, വീ സപ്പോര്‍ട്ട് വിജയ് എന്നീ ഹാഷ്ടാഗുകളിലാണ് താരത്തെ പിന്തുണച്ച് ആരാധകര്‍ പ്രതികരിക്കുന്നത്. കൂടാതെ, സംവിധായകന്‍ ലോകേഷ് കനകരാജ്, ഉള്‍പ്പെടെയുള്ളവര്‍ നടന് പിന്‍തുണയുമായെത്തിയിട്ടുണ്ട്.

വിജയ് ആയിരിക്കുക എന്നത് എളുപ്പമല്ലെന്നാണ് ലോകേഷ് കനകരാജ് അഭിപ്രായപ്പെട്ടത്. #ബീങ് ആക്ടര്‍ വിജയ് ഇസ് നോട്ട് ഈസി എന്ന് കുറിച്ചുകൊണ്ട് മാസ്റ്റര്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള സ്റ്റില്ലും സംവിധായകന്‍ ട്വിറ്ററില്‍ പങ്കുവച്ചു.

മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് എസ്.എം.സുബ്രഹ്‌മണ്യമാണ് വിജയ്ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തി പിഴയിട്ടത്. വിജയ് തന്റെ സിനിമ കാണാന്‍ ടിക്കറ്റ് എടുക്കുന്ന ലക്ഷക്കണക്കിന് ആരാധകരെ ഓര്‍ക്കണമായിരുന്നു. അവര്‍ ടിക്കറ്റ് എടുക്കുന്നതുകൊണ്ടും സിനിമ കാണുന്നതുകൊണ്ടുമാണ് താരത്തിന് ആഡംബര കാര്‍ വാങ്ങാന്‍ കഴിഞ്ഞതെന്നുമായിരുന്നു പരാമര്‍ശം.

സമ്പന്നരെയും പ്രശസ്തരെയും വിഗ്രഹാരാധന നടത്തുന്നവര്‍ക്ക്, നിയമം അനുശാസിക്കുന്ന പോലെ പ്രവര്‍ത്തിക്കാന്‍ ഈ വിധി നടപ്പിലാക്കുന്നത് വഴി, മാതൃകയാകണമെന്നും കോടതി നിരീക്ഷിച്ചു.

 

Top