ലോകേഷ് അവതരിപ്പിച്ച ‘ഫൈറ്റ് ക്ലബ്’ ഒടിടിയിലേക്ക്; ഡിസ്‍നി പ്ലസ് ഹോട്സ്റ്റാറില്‍ പ്രദർശിപ്പിക്കും

ലോകേഷ് കനകരാജ് അവതരിപ്പിച്ച ആദ്യ ചിത്രം എന്ന പ്രത്യേകതയോടെയായിരുന്നു ഫൈറ്റ് ക്ലബ് പ്രദര്‍ശനത്തിന് എത്തിയത്. ലോകേഷ് കനകരാജിനറെ പേരിന്റെ പെരുമയുള്ള സിനിമ പ്രേക്ഷകരില്‍ പ്രതീക്ഷകള്‍ നിറച്ചിരുന്നു. മോശല്ലാത്ത വിജയം നേടാനുമായിരുന്നു. ഡിസ്‍നി പ്ലസ് ഹോട്സ്റ്റാറില്‍ പൊങ്കലിനോടനുബന്ധിച്ച് തന്നെ ഫൈറ്റ് ക്ലബ് പ്രദര്‍ശനത്തിന് എത്തും എന്നാണ് പുതിയ റിപ്പോര്‍ട്ട്.

സംവിധായകൻ ലോകേഷ് കനകരാജ് നിര്‍മാണ രംഗത്തേയ്‍ക്ക് എത്തുന്നു എന്ന റിപ്പോര്‍ട്ട് ആരാധകര്‍ ആവേശത്തോടെ ഏറ്റെടുത്തിരുന്നു. ജി സ്‌ക്വാഡെന്നാണ് പേര് എന്നും സംവിധായകൻ വ്യക്തമാക്കിയിരുന്നു. ജി സ്‌ക്വാഡ് പ്രേക്ഷകരിലേക്കെത്തിക്കുന്ന ആദ്യ ചിത്രമായി ഫൈറ്റ് ക്ലബും പ്രഖ്യാപിക്കുകയും പ്രദര്‍ശനത്തിന് എത്തിക്കുകയും ചെയ്‍തു. ചിത്രത്തിലേതായി ഗോവിന്ദ് വസന്തയുടെ സംഗീത സംവിധാനത്തില്‍ കപില്‍ കപിലനും കീര്‍ത്തന വൈദ്യനാഥനും ചേര്‍ന്ന് കാര്‍ത്തിക് നേഥയുടെ വരികളില്‍ ആലപിച്ച യാരും കാണാത എന്ന ഗാനം റിലീസിന് മുന്നേ ഹിറ്റ് ആയിരുന്നു.

അബ്ബാസ് എ റഹ്‍മത്തിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ വിജയ് കുമാറാണ് നായകൻ. തിരക്കഥയും അബ്ബാസ് എ റഹ്‍മത്താണ്. ഛായാഗ്രഹണം ലിയോൺ ബ്രിട്ടോ. കലാസംവിധാനം ഏഴുമലൈ ആദികേശവൻ, സ്റ്റണ്ട് വിക്കി, അമ്രിൻ അബൂബക്കർ, സൗണ്ട് ഡിസൈനിംഗ് രംഗനാഥ് രവി, സൗണ്ട് മിക്സിംഗ് കണ്ണൻ ഗണപത്, കൊറിയോഗ്രാഫി സാൻഡി, എക്സികൂട്ടീവ് പ്രൊഡ്യൂസർ ആർ ബാലകുമാർ എന്നിവരുമാണ്.

സംവിധായകൻ ലോകേഷ് കനകരാജിന്റേതായി എത്തിയ ചിത്രം ലിയോ അടുത്തിടെ വൻ ഹിറ്റായി മാറിയിരുന്നു. ദളപതി വിജയ്‍യുടെ ലിയോ 600 കോടി രൂപയില്‍ അധികം നേടി ഇന്ത്യൻ ബോക്സ് ഓഫീസില്‍ പല റെക്കോര്‍ഡുകളും നേടിയിരുന്നു. കേരള ബോക്സ് ഓഫീസില്‍ റിലീസ് കളക്ഷനില്‍ ലിയോ ഒന്നാമതാണ്. തൃഷ നായികയായി എത്തിയ ലിയോ സിനിമയില്‍ ഗൗതം വാസുദേവ് മേനോൻ, മഡോണ സെബാസ്റ്റ്യൻ, ബാബു ആന്റണി, രാമകൃഷ്‍ണൻ, അര്‍ജുൻ, മാത്യു തോമസ്, മായാ കൃഷ്‍ണ, ദിനേഷ് ലാമ്പ, അനുരാഗ് കശ്യപ് തുടങ്ങിയവര്‍ കഥാപാത്രങ്ങളായി.

Top