‘വിജയ്ക്ക് കംഫർട്ട് സോണിൽ തുടരണമായിരുന്നെങ്കിൽ ‘ലിയോ’ ചെയ്യാനായി എന്നെ വിളിക്കില്ലായിരുന്നു’: ലോകേഷ്

വിജയ് അണ്ണന് അദ്ദേഹത്തിന്റെ കംഫർട്ട് സോണിൽ തുടരണമായിരുന്നെങ്കിൽ ‘ലിയോ’ ചെയ്യാനായി എന്നെ വിളിക്കില്ലായിരുന്നുവെന്ന് സംവിധായകൻ ലോകേഷ് കനകരാജ്. ഇതുവരെ കാണാത്ത തരത്തിൽ എന്തെങ്കിലും ചെയ്യണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആ​ഗ്രഹം. ഇതൊക്കെ അദ്ദേഹം ചെയ്യുമോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു. ഇനി ലിയോ പോലത്തെ ഡാർക്ക് ക്രെെം പടം വിജയ് അണ്ണൻ ചെയ്യുമോ എന്നറിയില്ല. ഇതിൽ ഗംഭീരമായി ചെയ്തിട്ടുണ്ട്. മൂന്ന് വർഷമായി ഞങ്ങൾ ഈ കഥ ചർച്ച ചെയ്യുന്നു. അദ്ദേഹം ഇഷ്ടപ്പെട്ട് ചെയ്ത ചിത്രമാണിതെന്നും സംവിധായകൻ പറഞ്ഞു.

ലിയോയിൽ അപകടസാധ്യതയുള്ള സംഘട്ടനങ്ങൾ ധാരാളമുണ്ടായിട്ടും ഡ്യൂപ്പിനെ വെക്കാൻ വിജയ് സമ്മതിച്ചില്ലെന്ന് ലോകേഷ് പറഞ്ഞു. ഇത്തരം രംഗങ്ങളിൽ എല്ലാം ഡ്യൂപ്പിന്റെ സഹായമില്ലാതെ വിജയ് മനോഹരമായി ചെയ്തുവെന്നും ലോകേഷ് വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ വെളിപ്പെടുത്തൽ.

“ഈ സിനിമയിൽ തനിക്ക് വേണ്ടി ഡ്യൂപ്പിനെ ഉപയോ​ഗിക്കരുതെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. പൂജയുടെ അന്ന് കാരവനിൽ വിളിച്ച് ഇക്കാര്യം പറഞ്ഞിരുന്നു. എത്ര അപകടം പിടിച്ച രം​ഗമാണെങ്കിലും ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. എന്നെക്കൊണ്ട് സാധിക്കില്ലെങ്കിൽ‌ ഞാൻ പറയാം, അത് വരെ ഡ്യൂപ്പിനെക്കുറിച്ച് ചിന്തിക്കരുതെന്നും തറപ്പിച്ച് പറ‍ഞ്ഞു. ഫെെറ്റ് മാസ്റ്റേഴ്സ് വേണ്ടെന്ന് പറഞ്ഞിട്ടും അദ്ദേഹം സമ്മതിച്ചില്ല. തന്റേതിന് പകരം വേറെ ആളുടെ കെെ കാണിച്ചാലും ആരാധകർ കണ്ടുപിടിക്കുമെന്ന് ഞങ്ങളെ ഓർമിപ്പിച്ചു. ലൊക്കേഷനിലാണെങ്കിലും ദിവസവും അദ്ദേഹം കാർഡിയോ ചെയ്യും. ഷർട്ട് ഊരുന്ന സീനുണ്ടെങ്കിൽ 30 ദിവസത്തിന് മുൻപേ അറിയിക്കണമെന്ന് നേരത്തെ പറഞ്ഞിരുന്നു. 40 മിനിറ്റ് കാർഡിയോ ചെയ്യും. പുഷ്അപ്പ്, പുൾഅപ്പ് ഒക്കെ എടുക്കും. കുറച്ച് ഭക്ഷണമേ കഴിക്കാറുള്ളൂ.

സ്റ്റേജിന്റെ പണികൾ തുടങ്ങിയെങ്കിലും ഓഡിയോ ലോഞ്ച് ഉപേക്ഷിക്കാം എന്നത് ഒരുമിച്ചെടുത്ത തീരുമാനമാണ്. ആറായിരം ടിക്കറ്റുകളാണ് ആകെ ഉണ്ടായിരുന്നത്. ഞങ്ങൾക്ക് മാത്രം 12,000 ടിക്കറ്റുകൾ വേണമായിരുന്നു. പുറത്ത് നിന്ന് 70,000 ത്തോളം ടിക്കറ്റുകൾ ആവശ്യപ്പെട്ടു. സൗജന്യ പാസ് നൽകാനായിരുന്നു തീരുമാനം. പക്ഷേ സൗജന്യമായിരുന്നതിനാൽ തന്നെ ആര് വരണം ആരൊക്കെ വരണ്ട എന്ന് പറയാനാകില്ലല്ലോ. തിരക്ക് കാരണം പ്രശ്നമുണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് ഓഡിയോ ലോഞ്ച് ഉപേക്ഷിച്ചത്. ലിയോ എന്ന ചിത്രത്തിനും വിജയ്ക്കും ഓഡിയോ ലോഞ്ച് വേണമെന്ന് തോന്നുന്നില്ല, അത് പ്രേക്ഷകർക്കും അറിയാം. പടത്തിന്റെ അണിയറപ്രവർത്തകരെ സ്റ്റേജിൽ കൊണ്ട് വരാനാകാത്തതിലാണ് വിഷമം, പക്ഷേ അത് സക്സസ് മീറ്റിൽ ചെയ്യാമെന്ന് കരുതുന്നു.

സിനിമയുടെ ദെെർഘ്യം രണ്ടേ മുക്കാൽ മണിക്കൂർ ആണ്. അതേ പോലെ രണ്ടേ മുക്കാല്‍ മിനിറ്റാണ് ട്രെയിലറിനും നൽകിയിരിക്കുന്നത്. സിനിമയിൽ എന്താണോ ഉള്ളത് അത് ട്രെയിലറിൽ കാണിക്കണമെന്നുണ്ടായിരുന്നു. കെെതിയിലും വിക്രമിലും ഉള്ളത് പോലെ ലിയോയിലും ചെറിയൊരു ബിരിയാണി സീൻ ഉണ്ടാകും. ലിയോ എൽ.സി.യു. ആണോ ഹിസ്റ്ററി ഓഫ് വയലൻസിന്റെ അഡാപ്റ്റേഷൻ ആണോ എന്നുള്ളത് പടം കണ്ട് ആളുകൾ മനസിലാക്കട്ടെ. തിയേറ്ററിൽ കിട്ടുന്ന എക്സ്പീരിയൻസ് നഷ്ടമാകാൻ പാടില്ല”, ലോകേഷ് പറഞ്ഞു.

ലിയോ ദാസ് ആയി വിജയ് എത്തുന്ന ചിത്രത്തിലെ മറ്റ് താരനിരയും ശ്രദ്ധേയമാണ്. തൃഷ നായികയാവുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത് ആന്റണി ദാസ് ആയും അര്‍ജുന്‍ ഹരോള്‍ഡ് ദാസ് ആയും എത്തുന്നു. ഗൌതം വസുദേവ് മേനോന്‍, മന്‍സൂര്‍ അലി ഖാന്‍, മിഷ്കിന്‍, മാത്യു തോമസ്, പ്രിയ ആനന്ദ്, സാന്‍ഡി മാസ്റ്റര്‍, ബാബു ആന്റണി, മനോബാല, ജോര്‍ഡ് മരിയന്‍, അഭിരാമി വെങ്കിടാചലം തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒക്ടോബര്‍ 19 ന് ചിത്രം തിയറ്ററുകളിലെത്തും.

Top