ലോകായുക്ത വിധി; സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കില്ല

Kt Jaleel

കൊച്ചി: ബന്ധുനിയമന കേസില്‍ കെ ടി ജലീലിനെതിരായ ലോകായുക്ത വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കില്ല. ജലീല്‍ രാജി വെച്ച സാഹചര്യത്തിലാണ് തീരുമാനം. എജിയില്‍ നിന്ന് സര്‍ക്കാര്‍ ഇതു സംബന്ധിച്ച് നിയമോപദേശം തേടിയിരുന്നു. സര്‍ക്കാരിന് കോടതിയെ സമീപിക്കാമെന്നായിരുന്നു നിയമോപദേശം ലഭിച്ചത്.

ലോകായുക്ത ഉത്തരവിനെ സര്‍ക്കാരിന് തന്നെ നേരിട്ട് എതിര്‍ത്ത് ഹര്‍ജി നല്‍കാമെന്നാണ് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം. ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്ത് മുന്‍ മന്ത്രിയാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചത്. ജലീലിനൊപ്പം സര്‍ക്കാരിന് നേരിട്ടും ഉത്തരവിനെ ചോദ്യം ചെയ്ത് ഹര്‍ജി നല്‍കാമെന്നാണ് എജി നിയമോപദേശം നല്‍കിയത്.

ചട്ടങ്ങള്‍ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് എജി വ്യക്തമാക്കിയത്. ലോകായുക്ത ആക്ട് സെക്ഷന്‍ 9 പ്രകാരമുള്ള നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും നിയമോപദേശത്തില്‍ എജി പറഞ്ഞിരുന്നു. പരാതി ലഭിച്ചാല്‍ അന്വേഷണത്തിന് മുമ്പ് എതിര്‍കക്ഷിക്ക് പരാതിയുടെ പകര്‍പ്പ് നല്‍കണമെന്നാണ് ഈ ചട്ടം അനുശാസിക്കുന്നത്. ജലീലിന് പരാതിയുടെ പകര്‍പ്പ് നല്‍കിയത് അന്തിമ ഉത്തരവിന് ഒപ്പമെന്നും ഇത് നിലനില്‍ക്കില്ലെന്നും എജി നിയമോപദേശത്തില്‍ നിരീക്ഷിച്ചു.

 

 

Top