മുഖ്യമന്ത്രിക്ക് നിർണായകം; ദുരിതാശ്വാസ നിധി കേസിൽ ലോകായുക്ത വിധി ഇന്ന്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ദുരിതാശ്വാസ നിധി കേസ് ലോകായുക്ത ഇന്ന് പരിഗണിക്കും. ഹർജിയിൽ ഇന്ന് വിധി പ്രസ്താവിച്ചേക്കുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തതായി ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കുമെതിരെ നൽകിയ ഹർജിയാണ് നീണ്ട കാലത്തിനു ശേഷം ലോകായുക്ത പരിഗണിക്കുന്നത്.

കേസിൽ വാദം പൂർത്തിയായി ഒരു വർഷം പിന്നിട്ടിട്ടും വിധി പറയാത്തതിനെതിരെ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേസ് വീണ്ടും ലോകായുക്ത പരിഗണിക്കുന്നത്.

ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും ജസ്റ്റിസ് ഹാറൂൺ ഉൽ റഷീദും അടങ്ങിയ ബെഞ്ചാണ് ഹർജിയിൽ വാദം കേട്ടത്. കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗം ആർ എസ് ശശികുമാറാണ് ഹർജിക്കാരൻ. 2018 സെപ്റ്റംബറിൽ ഫയൽ ചെയ്ത ഹർജിയിൽ 2022 മാർച്ച് 18 നാണ് വാദം പൂർത്തിയായത്.

മുഖ്യമന്ത്രിയും ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാരും ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയെന്നാണ് കേസ്. അന്തരിച്ച ചെങ്ങന്നൂർ മുൻ എംഎൽഎ കെ കെ രാമചന്ദ്രന്റെയും അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയന്റെയും കുടുംബത്തിനും ഒപ്പം കോടിയേരി ബാലകൃഷ്ണന്റെ അകമ്പടിവാഹനം അപകടത്തിൽപ്പെട്ടപ്പോൾ മരിച്ച പൊലീസുകാരന്റെ കുടുംബത്തിനും ദുരിതാശ്വാസ നിധിയിൽ നിന്നും പണം നൽകിയെന്നാണ് കേസ്. വാദത്തിനിടെ ലോകായുക്ത സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ചിരുന്നു.

Top