ലോകായുക്ത; ഗവര്‍ണറുടെ തീരുമാനം നീളുന്നു, ബില്ലായി കൊണ്ടുവന്നേയ്ക്കും

തിരുവനന്തപുരം: ലോകായുക്ത നിയമം ഭേദഗതിചെയ്യാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനം നീളുന്നു. രാജ്ഭവനില്‍ മടങ്ങിയെത്തി രണ്ടുദിവസം കഴിഞ്ഞെങ്കിലും ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് അദ്ദേഹം ഉദ്യോഗസ്ഥരുമായി കാര്യമായ ആലോചന നടത്തിയിട്ടില്ല.

ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടാതിരുന്നാല്‍ വരുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്ലായി കൊണ്ടുവന്ന് നിയമം പാസാക്കുന്നതിനെക്കുറിച്ചാണ് ഭരണപക്ഷം ആലോചിക്കുന്നത്.

ലോകായുക്ത ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമല്ലെന്ന സര്‍ക്കാരിന്റെ വിശദീകരണത്തിനു മറുപടിയായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഗവര്‍ണര്‍ക്ക് പുതിയ കത്തുനല്‍കി. സര്‍ക്കാരിന്റെ വാദങ്ങളെ വീണ്ടും ഖണ്ഡിച്ചുകൊണ്ടുള്ളതാണ് ഇത്. ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ആദ്യം നല്‍കിയ കത്തിന് ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിരുന്നു.

ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്കു സമര്‍പ്പിച്ചാല്‍ ഇത്ര ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് വ്യവസ്ഥയില്ല. സമയം ഗവര്‍ണര്‍ക്ക് നിശ്ചയിക്കാം. മൂന്നുമാസം മുമ്പ് സര്‍ക്കാര്‍ നല്‍കിയ മറ്റൊരു ഓര്‍ഡിനന്‍സും രാജ്ഭവനില്‍ തീരുമാനം കാത്തിരിക്കുന്നുണ്ട്. സര്‍വകലാശാലാ അപ്പലേറ്റ് ട്രിബ്യൂണല്‍ രൂപവത്കരണം സംബന്ധിച്ചുള്ളതാണത്.

അപ്പലേറ്റ് ട്രിബ്യൂണലായി ജഡ്ജിനെ നിയമിക്കുമ്പോള്‍ ചാന്‍സലറായ ഗവര്‍ണറോടും ഹൈക്കോടതിയോടും കൂടിയാലോചിക്കണം എന്നായിരുന്നു നേരത്തെയുള്ള വ്യവസ്ഥ. ഈ കൂടിയാലോചനകള്‍ ഭേദഗതിയിലൂടെ ഒഴിവാക്കുന്നതാണ് ഓര്‍ഡിനന്‍സ്.

മുമ്പ് ഹൈക്കോടതി ജഡ്ജിയായിരുന്ന ആളിനുപകരം ജില്ലാ ജഡ്ജിയെ നിയമിക്കാമെന്ന വ്യവസ്ഥ ഏര്‍പ്പെടുത്തിയപ്പോഴാണ് കൂടിയാലോചനാ വ്യവസ്ഥ ഒഴിവാക്കിയതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. ഇതു തൃപ്തികരമല്ലാത്തതിനാലാണ് ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കാത്തത്.

 

Top