Lokayukta slams Upa lokayukta’s remark on the cases against Oommenchandy and other ministers

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മന്ത്രിമാര്‍ക്കുമെതിരെ ലോകായുക്തയിലോ ഉപലോകായുക്തയിലോ കേസ് നിലവിലില്ലെന്ന ഉപലോകായുക്തയുടെ പരാമര്‍ശത്തില്‍ ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസിന് അതൃപ്തി.

അറിയാത്ത കാര്യങ്ങള്‍ക്ക് പഴികേട്ടത് മുജ്ജന്മ പാപം മൂലമായിരിക്കുമെന്നും താന്‍ ഇന്ത്യയിലില്ലാത്ത സമയത്താണ് അറിവില്ലാത്ത കാര്യങ്ങള്‍ സംബന്ധിച്ച് വാര്‍ത്തകള്‍ വന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

മുഖ്യമന്ത്രിക്കെതിരായ കേസ് പരിഗണിക്കുമ്പോഴാണ് ഉപലോകായുക്തയുടെ പരാമര്‍ശത്തെ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ട് ലോകായുക്ത ഇക്കാര്യം പറഞ്ഞത്.

വിവരാവകാശനിയമപ്രകാരം നല്‍കിയ മറുപടിയില്‍ മുഖ്യമന്ത്രിക്കും 18 മന്ത്രിമാര്‍ക്കുമെതിരെ 45 കേസുകള്‍ ഉണ്ടെന്ന് സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മറുപടി നല്‍കിയിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സമര്‍പ്പിച്ച പരാതിയിലായിരുന്നു ഉപലോകായുക്തയുടെ ഉത്തരവ്.

സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ മറുപടി ദുരുപയോഗം ചെയ്യുന്നുവെന്നും അതിനാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും സര്‍ക്കാരിനുവേണ്ടി സ്‌പെഷല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആവശ്യപ്പെട്ടിരുന്നു.

ലോകായുക്തയില്‍ നിലവിലുള്ള കേസുകളില്‍ ഒന്നില്‍പ്പോലും സെക്ഷന്‍ 14 പ്രകാരം ഡിക്ലറേഷന്‍ സമര്‍പ്പിക്കുകയോ, സെക്ഷന്‍ 15 പ്രകാരം വിചാരണയ്ക്ക് ഉത്തരവിടുകയോ ചെയ്തിട്ടില്ല.

ഈ സാഹചര്യത്തില്‍ പ്രതിഭാഗത്തുള്ളവരെ ഒരുവിധത്തിലും കളങ്കിതരായി കണക്കാക്കാനാവില്ലെന്നുമാണ് ഉപലോകായുക്ത ചൂണ്ടിക്കാട്ടിയത്.

Top