അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ ലോകായുക്ത റെയ്ഡ്

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ ലോകായുക്ത റെയ്ഡ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീട്ടിലും ഓഫീസിലുമാണ് പരിശോധന. ബെംഗളൂരു ഒഴികെയുള്ള വിവിധ ജില്ലകളിലാണ് റെയ്ഡ് നടക്കുന്നതെന്ന് ലോകായുക്ത ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ഡോ. എ സുബ്രഹ്‌മണ്യേശ്വര റാവു.

10 സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ബന്ധമുള്ള 40 ഓളം ഇടങ്ങളിലാണ് റെയ്ഡ്. ചാമരാജനഗര്‍, മൈസൂരു, ഹാസന്‍, മാണ്ഡ്യ, തുംകുരു, കൊപ്പല്‍, മംഗലാപുരം എന്നിവിടങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്. മാണ്ഡ്യയില്‍ ബെസ്‌കോം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കെതിരെയാണ് റെയ്ഡ്. ഇയാളുടെ വിദ്യാരണ്യപുരയിലെ വീട്ടിലും നാഗമംഗലയിലെ ഫാം ഹൗസിലും പരിശോധന നടന്നു.

നാഗമംഗലയില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഭാര്യാപിതാവിന്റെ (ഭരണകക്ഷിയായ കോണ്‍ഗ്രസിലെ ശക്തനായ നേതാവാണ്) വീട്ടിലാണ് ലോകായുക്ത സംഘം റെയ്ഡ് നടത്തിയത്. ഹാസനിലെ ഫുഡ് ഇന്‍സ്പെക്ടറുടെ വീട്ടിലും ഓഫീസിലും ലോകായുക്ത ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. റിയല്‍റ്ററായ ഫുഡ് ഇന്‍സ്‌പെക്ടറുടെ സഹോദരന്റെ വീട്ടിലും പരിശോധന നടന്നു. കര്‍ണാടക റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ലിമിറ്റഡിലെ ഒരു എക്സിക്യൂട്ടീവ് എഞ്ചിനീയറും ലോകായുക്തയുടെ റഡാറിര്‍ ഉണ്ട്.

Top