ലോകായുക്താ ഓര്‍ഡിനന്‍സ്; ഭരണഘടനാ വിരുദ്ധവും ജനവിരുദ്ധവുമാണെന്ന് ഷാഫി പറമ്പില്‍

പാലക്കാട്: ലോകായുക്തയുമായി ബന്ധപ്പെട്ട പുതിയ ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധവും ജനവിരുദ്ധവുമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. ഭരണ പരിഷ്‌കാര കമ്മീഷനെ പോലെ ലോകായുക്തയെയും വെള്ളാനയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തുടര്‍ ഭരണത്തില്‍ തുടര്‍ അഴിമതിക്കുള്ള ലൈസന്‍സ് തേടുകയാണ് സര്‍ക്കാരെന്നും ഷാഫി വിമര്‍ശിച്ചു.

ലോകായുക്തയില്‍ വരാനിരിക്കുന്ന വിധിയിലുള്ള ഭയമാണ് സര്‍ക്കാരിനെന്ന് അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടരുത്. സീതാറാം യെച്ചൂരി മറുപടി പറയണം. ജന്‍ലോക്പാല്‍ വേണമെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ ഒളിക്കുന്നത് എന്തിനാണെന്ന് എംഎല്‍എ ചോദിച്ചു.

കേരളത്തെ പിണറായി റിപബ്ലിക്ക് ആക്കാന്‍ ശ്രമിക്കുകയാണെന്നും കുറ്റപ്പെടുത്തി. അട്ടപ്പാടി മധു വധക്കേസ് ഖേദകരമാണ്. സര്‍ക്കാരിന്റെ മുന്‍ഗണനകളില്‍ ഇതില്ല. കൊലപാതക കേസുകളിലെ ക്രിമിനലുകള്‍ക്ക് ലക്ഷങ്ങള്‍ ചെലവഴിച്ച് അഭിഭാഷകരെ കൊണ്ടുവന്ന സര്‍ക്കാരാണ് പിണറായിയുടേതെന്നും അദ്ദേഹം വിമര്‍ശിച്ചു.

Top