ലോകായുക്ത ഓര്‍ഡിനന്‍സ്; ഒപ്പ് വെയ്ക്കരുതെന്നാവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പ് വെയ്ക്കരുതെന്നാവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ഗവര്‍ണര്‍ക്ക് കത്തു നല്‍കി. അഴിമതിയെ ശക്തമായി പ്രതിരോധിക്കുക എന്ന സദുദ്ദേശത്തോടെയാണ് നിയമസഭ ലോകായുക്ത നിയമം പാസ്സാക്കിയത്. നിയമത്തിന്റെ 14ാം വകുപ്പ് ഭേദഗതി ചെയ്യുന്നതോടെ ലോകായുക്ത നിയമം തന്നെ അപ്രസക്തമായി തീരുമെന്ന് എം പി കത്തില്‍ പറയുന്നു.

ലോകായുക്ത ഓര്‍ഡിനന്‍സിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തു വന്നിരുന്നു. ലോകായുക്ത ഓര്‍ഡിനന്‍സില്‍ രാഷ്ട്രീയ ആലോചനകള്‍ നടന്നില്ലെന്നും നിയമ സഭ കൂടാനിരിക്കെ ഓര്‍ഡിനന്‍സ് കൊണ്ടു വന്നത് ജനങ്ങള്‍ അംഗീകരിക്കില്ലെന്നും കാനം വ്യക്തമാക്കി. ബില്ലായി അവതരിപ്പിച്ചിരുന്നെങ്കില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ ലോകായുക്തയുടെ പല്ല് കൊഴിച്ചെന്നാണ് ചെന്നിത്തല അഭിപ്രായപ്പെട്ടത്. എന്നാല്‍ ഓര്‍ഡിനന്‍സിന്റെ കാര്യം തന്നെ അറിയിച്ചില്ലെന്ന് വിഡി സതീശന്‍ വ്യക്തമാക്കി. ഓര്‍ഡിനന്‍സിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്തയച്ചിട്ടുണ്ടെന്നും അഴിമതി നിരോധന നിയമത്തിന്റെ പ്രസക്തി നഷ്ടപ്പെടുന്ന അവസ്ഥയാണെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Top