ലോകായുക്ത ഉത്തരവ്; കെ.ടി ജലീലിന്റെ ഹര്‍ജി നാളെ പരിഗണിക്കും

കൊച്ചി: ബന്ധുനിയമന വിവാദത്തില്‍ ലോകായുക്ത ഉത്തരവിനെതിരെ മന്ത്രി കെ.ടി. ജലീല്‍ ഹൈക്കോടതിയില്‍. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ജലീല്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി അവധിക്കാല ഡിവിഷന്‍ ബെഞ്ച് നാളെ പരിഗണിക്കും.

ബന്ധു നിയമനം സംബന്ധിച്ച ആരോപണങ്ങള്‍ വസ്തുതാപരമാണെന്നും കെ.ടി. ജലീല്‍ ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്യുകയും സ്വജനപക്ഷപാതം കാട്ടുകയും ചെയ്തെന്നും ലോകായുക്ത കണ്ടെത്തിയിരുന്നു. അദ്ദേഹം സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും ലോകായുക്ത വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് ജലീല്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

ലോകായുക്ത ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ പ്രധാനപ്പെട്ട ആവശ്യം. കൂടാതെ ലോകായുക്ത ഉത്തരവിനെതിരെ വിശദമായ റിട്ട് ഹര്‍ജിയും നല്‍കിയിട്ടുണ്ട്. ലോകായുക്ത വിധി നിയമപരമല്ല എന്നതാണ് ജലീല്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. മന്ത്രിസ്ഥാനത്തു നിന്ന് തന്നെ പുറത്താക്കാനുള്ള ഉത്തരവ് നിയമപരമായി നിലനില്‍ക്കുന്നതല്ല എന്ന വാദമാണ് ജലീലിന്റെ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്.

 

 

Top