ലോകായുക്ത ബില്‍: നിയമസഭയുടെ അന്തസ്സിനു ചേരാത്ത നിയമനിര്‍മാണമാണെന്ന് സതീശന്‍

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. നിയമമന്ത്രി പി. രാജീവാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷം ബില്ലില്‍ എതിര്‍പ്പ് അറിയിച്ചു. ലോകായുക്ത വിധി സര്‍ക്കാരിന് തള്ളാമെന്ന വ്യവസ്ഥ ജുഡീഷ്യറിക്കു മേലുള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വിമര്‍ശിച്ചു.

ലോകായുക്ത നിയമഭേദഗതി നിയമസഭയുടെ അന്തസ്സിനു ചേരാത്ത നിയമനിര്‍മാണമാണെന്ന് സതീശന്‍ പറഞ്ഞു. ഈ ബില്ലിന്റെ നിയമസാധുതയേയും ഭരണഘടനാസാധുതയേയും വെല്ലുവിളിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജുഡീഷ്യറിയുടെ അധികാരം എക്‌സിക്യൂട്ടീവിന് കവരാന്‍ അവസരമൊരുക്കുന്നതാണ് ഭേദഗതിയിലൂടെ കൊണ്ടുവരുന്ന നിയമനിര്‍മാണം. സുപ്രീം കോടതി ഉത്തരവുകള്‍ക്ക് വിരുദ്ധമാണ് ഈ ഭേദഗതി. ജുഡീഷ്യല്‍ സംവിധാനത്തിന്റെ തീരുമാനം എങ്ങനെ എക്‌സിക്യൂട്ടീവിന് തള്ളാന്‍ കഴിയുമെന്നും സതീശന്‍ ചോദിച്ചു.

അതേസമയം സതീശന്റെ തടസ്സവാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് പി. രാജീവ് രംഗത്തെത്തി. പൂര്‍ണമായും ഭരണഘടനയുടെ അന്തഃസത്തയ്ക്ക് നിരക്കാത്ത നിയമമാണ് ലോകായുക്തയുടേതായി നിലവില്‍ ഉണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. പുനഃപരിശോധനാ സംവിധാനം ഉണ്ടാകുന്നത് എപ്പോഴും സ്വാഭാവിക നീതിക്കുവേണ്ടിയുള്ളതാണ്. നിലവിലെ ലോകായുക്ത നിയമം ഭരണഘടനയ്ക്ക് എതിരാണെന്ന നിയമോപദേശം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ഈ നിയമോപദേശം അനുസരിച്ചാണ് ഇപ്പോള്‍ ഭേദഗതി കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.

Top